ലക്ഷണങ്ങൾ കാണുമ്പോഴേക്കും വൈകിയേക്കാം!  വൃക്കകൾക്ക് ഗുരുതര തകരാർ; യുഎഇയിലെ ഡോക്ടർമാരുടെ മുന്നറിയിപ്പ്

വ്യക്തമായ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്കുമുമ്പ് തന്നെ വൃക്കകളുടെ പ്രവർത്തനത്തെ ക്രോണിക് കിഡ്നി ഡിസീസ് (CKD) ഗുരുതരമായി ബാധിച്ചേക്കാമെന്ന് യുഎഇയിലെ ഡോക്ടർമാരുടെ മുന്നറിയിപ്പ്. രോഗം ഗുരുതര ഘട്ടത്തിലെത്തിയ ശേഷമാണ് പലരിലും CKD കണ്ടെത്തുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. വൃക്കകളുടെ പ്രവർത്തനശേഷിയുടെ വലിയൊരു ഭാഗം നഷ്ടപ്പെട്ടാലും ശേഷിക്കുന്ന ഭാഗം പ്രവർത്തനം തുടരാൻ കഴിയുന്നതിനാലാണ് രോഗം ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നത്. ശരീരത്തിൽ അസ്വാഭാവികത അനുഭവപ്പെടുമ്പോഴേക്കും വൃക്കകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാം.

മൻഖൂളിലെ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് നെഫ്രോളജിസ്റ്റ് ഡോ. ജോൺ ചെറിയാൻ വൃക്കകളെ ‘നിശ്ശബ്ദമായി പ്രവർത്തിക്കുന്ന അവയവങ്ങൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. CKD സാധാരണയായി പതുക്കെ വികസിക്കുന്നതിനാൽ ആദ്യഘട്ടത്തിലെ നേരിയ ലക്ഷണങ്ങൾ പലരും അവഗണിക്കുകയോ സാധാരണ പരിശോധനകളിൽ രോഗം കണ്ടെത്താതെ പോവുകയോ ചെയ്യാം.

പ്രമേഹവും രക്തസമ്മർദവും പ്രധാന കാരണങ്ങൾ

പ്രമേഹം, ഉയർന്ന രക്തസമ്മർദം, അമിതവണ്ണം എന്നിവയാണ് CKDയുടെ പ്രധാന അപകടസാധ്യതകൾ. താൻ ചികിത്സിക്കുന്ന രോഗികളിൽ ടൈപ്പ് 2 പ്രമേഹമാണ് CKDയുടെ പ്രധാന കാരണമെന്നും അതിന് പിന്നാലെ ഹൈപ്പർടെൻഷനാണെന്നും ഡോ. ജോൺ ചെറിയാൻ പറഞ്ഞു.

ഗ്ലോമെറുലോനെഫ്രൈറ്റിസ്, പോളിസിസ്റ്റിക് കിഡ്നി ഡിസീസ്, ദീർഘകാല വൃക്ക അണുബാധകൾ തുടങ്ങിയവയും CKDയ്ക്ക് കാരണമാകാം.

ബുർജീൽ മെഡിക്കൽ സിറ്റിയിലെ ട്രാൻസ്പ്ലാന്റ് സർവീസസ് വിഭാഗം സ്പെഷ്യലിസ്റ്റ് ജനറൽ സർജനായ ഡോ. ഉമർ മഖ്ബൂലും യുഎഇയിൽ പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് CKDയുടെ പ്രധാന കാരണങ്ങളെന്ന് വ്യക്തമാക്കി. അമിതവണ്ണവും വൃക്കരോഗത്തിനുള്ള പ്രധാന അപകടസാധ്യതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കളും ജാഗ്രത പാലിക്കണം

വൃക്കരോഗം പ്രായമായവരിൽ മാത്രം ഉണ്ടാകുന്ന അസുഖമല്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചെറുപ്പത്തിൽ തന്നെ പ്രമേഹവും അമിതവണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ യുവാക്കളിലും CKD കണ്ടെത്തുന്നുണ്ട്. ഓട്ടോഇമ്യൂൺ രോഗങ്ങൾ, ജനിതക കാരണങ്ങൾ, വൃക്കകളിലെ വീക്കം തുടങ്ങിയവയും ചെറുപ്പക്കാരിൽ വൃക്കരോഗത്തിന് കാരണമാകാം.

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു:

  • മൂത്രത്തിൽ അമിതമായി പത കാണുക
  • മുഖത്തോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ വീക്കം
  • മൂത്രത്തിൽ രക്തം കാണുക
  • പേശിവലിവ്
  • ശ്വാസംമുട്ടൽ

എന്നാൽ ഇത്തരം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതുവരെ കാത്തിരിക്കുന്നത് സുരക്ഷിതമായ മാർഗമല്ല. രോഗലക്ഷണങ്ങളൊന്നും പ്രകടമാകാതെയും ചിലരിൽ വൃക്കകൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചിരിക്കാമെന്ന് വിദഗ്ധർ വ്യക്തമാക്കി.

രണ്ട് ലളിത പരിശോധനകൾ നിർണായകം

വൃക്കകളുടെ പ്രവർത്തനത്തിലെ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ പ്രധാനമായും രണ്ട് പരിശോധനകൾ സഹായിക്കും. രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ ശേഷി വിലയിരുത്തുന്ന പരിശോധനയും മൂത്രത്തിലേക്ക് പ്രോട്ടീൻ ചോരുന്നുണ്ടോ എന്ന് പരിശോധിക്കുന്ന പരിശോധനയുമാണ് ഇവ.

പ്രത്യേകിച്ച് പ്രമേഹം, ഉയർന്ന രക്തസമ്മർദം, അമിതവണ്ണം എന്നിവയുള്ളവർ രോഗലക്ഷണങ്ങൾക്കായി കാത്തുനിൽക്കാതെ പതിവായി വൃക്കകളുടെ ആരോഗ്യം പരിശോധിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *