
സന്ദർശകർക്ക് കൂടുതൽ വേഗതയേറിയതും സുരക്ഷിതവും തടസ്സരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കാൻ വിവിധ നൂതന സേവനങ്ങളുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) പങ്കെടുക്കുന്നു. ഈ മാസം 14 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് എടിഎം നടക്കുന്നത്. ദുബായിലെത്തുന്ന സന്ദർശകരുടെ പ്രവേശന നടപടികൾ മുതൽ മടക്കയാത്ര വരെയുള്ള വിവിധ ഘട്ടങ്ങൾ കൂടുതൽ സുഗമമാക്കുന്ന സേവനങ്ങളാണ് ജിഡിആർഎഫ്എ പവലിയനിൽ അവതരിപ്പിക്കുന്നത്.
റെഡ് കാർപെറ്റ്, ക്ലിക്ക് ആൻഡ് ട്രാവൽ, അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, 60 ദിവസത്തെ എൻട്രി വീസ, അൽസആദ കാർഡ് എന്നിവയാണ് പ്രധാനമായും പരിചയപ്പെടുത്തുന്ന സേവനങ്ങൾ. ഷെയ്ഖ് സായിദ് ഹാൾ ഒന്നിലെ സോൺ 29-ലാണ് ജിഡിആർഎഫ്എയുടെ പവലിയൻ ഒരുക്കിയിരിക്കുന്നത്. പാസ്പോർട്ട് പരിശോധന കൂടുതൽ വേഗത്തിലാക്കുന്നതിനായി ബയോമെട്രിക് വെരിഫിക്കേഷൻ ഉപയോഗിക്കുന്ന സംവിധാനമാണ് റെഡ് കാർപെറ്റ്. യാത്രാരേഖകൾ വിവിധ ഘട്ടങ്ങളിൽ ആവർത്തിച്ച് സമർപ്പിക്കേണ്ട സാഹചര്യം ഇതിലൂടെ കുറയ്ക്കാനാകും.
വിമാനത്താവളങ്ങളിലെ തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും യാത്രക്കാരുടെ പ്രവേശന-പുറപ്പെടൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് ക്ലിക്ക് ആൻഡ് ട്രാവൽ. മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് പാസ്പോർട്ട് കൺട്രോൾ നടപടികൾ പൂർത്തിയാക്കാനും ഈ സംവിധാനം ഉദ്യോഗസ്ഥരെ സഹായിക്കും. പ്രാദേശിക സ്പോൺസറുടെ ആവശ്യമില്ലാതെ ഒന്നിലധികം തവണ യുഎഇ സന്ദർശിക്കാൻ അനുവദിക്കുന്ന അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ സംബന്ധിച്ച വിവരങ്ങളും പവലിയനിൽ ലഭിക്കും. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ലഭ്യമായ 60 ദിവസത്തെ എൻട്രി വീസ സംബന്ധിച്ച വിശദാംശങ്ങളും ഇവിടെ നിന്ന് അറിയാനാകും. ദുബായിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഭക്ഷണം, റീട്ടെയിൽ, ആരോഗ്യപരിചരണം, വാഹന സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ വിവിധ ആനുകൂല്യങ്ങളും പ്രത്യേക ഇളവുകളും ലഭ്യമാക്കുന്ന അൽസആദ കാർഡും പവലിയനിലെ പ്രധാന ആകർഷണമാണ്.
ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യാത്രാനടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ ആഗോള ടൂറിസം, ബിസിനസ് കേന്ദ്രമെന്ന നിലയിലുള്ള ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ യാത്രാനുഭവം സന്ദർശകർക്ക് നൽകാനുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് പുതിയ സേവനങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ എയർപോർട്സ് മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖീതി പറഞ്ഞു.