
വിസ, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവരെ നിയമനടപടികൾക്ക് വിധേയരാക്കുന്നതിന് പുറമെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായവുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ). വിവിധ കാരണങ്ങളാൽ വിസയുടെയോ റെസിഡൻസി പെർമിറ്റിന്റെയോ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരേണ്ടിവന്നവർക്ക് നിയമപരമായ പരിഹാരമാർഗങ്ങൾ കണ്ടെത്താനും രേഖകൾ ക്രമപ്പെടുത്താനും ജിഡിആർഎഫ്എ സഹായം നൽകുന്നതാണ് പുതിയ സമീപനം.
നിയമലംഘകരെ വെറും ശിക്ഷയുടെ കണ്ണിലൂടെ കാണാതെ, അവരുടെ സാഹചര്യം പരിശോധിച്ച് നിയമപരമായ മാർഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിൽ പ്രശ്നങ്ങൾ, രേഖകളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ തുടങ്ങിയ കാരണങ്ങളാൽ നിയമലംഘകരായവർക്ക് ആവശ്യമായ മാർഗനിർദേശവും പിന്തുണയും നൽകും. ഓരോ കേസും പ്രത്യേകം പരിശോധിച്ച് അനുയോജ്യമായ പരിഹാരം കണ്ടെത്താനാണ് അധികൃതരുടെ ശ്രമം. നിയമപരമായ പദവി ശരിയാക്കാൻ കഴിയുന്നവർക്ക് അതിനുള്ള നടപടികൾ സ്വീകരിക്കാനും, രാജ്യത്ത് തുടരാൻ സാധിക്കാത്തവർക്ക് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി മടങ്ങാനുള്ള സഹായം നൽകാനും പദ്ധതിയുണ്ട്.
യുഎഇയിലെ താമസ, വിസ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജിഡിആർഎഫ്എ ഓർമ്മിപ്പിച്ചു. നിയമലംഘനമുണ്ടായാൽ പ്രശ്നം അവഗണിച്ച് കൂടുതൽ സങ്കീർണമാക്കാതെ ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെടണമെന്നും നിയമപരമായ പരിഹാരം തേടണമെന്നും നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t