
ഗൾഫിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. വിമാനത്തിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയ ഭീഷണിക്കുറിപ്പിലെ കയ്യക്ഷരം പരിശോധിച്ചതിനെ തുടർന്ന് ഒരു കാബിൻ ക്രൂ അംഗത്തെയും യാത്രക്കാരനെയും അന്വേഷണ ഏജൻസികൾ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ തിങ്കളാഴ്ച ദമാമിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ വിമാനത്തിലെ ശുചിമുറിയിൽ കറുത്ത മഷിയിൽ ‘bomb red 430’ എന്ന് എഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനം അടിയന്തരമായി അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു.
തുടർന്ന് വിമാനത്തിൽ വിശദമായ സുരക്ഷാ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ മറ്റ് വസ്തുക്കളോ കണ്ടെത്താനായില്ല. ഭീഷണിക്കുറിപ്പ് എഴുതിയ വ്യക്തിയെ കണ്ടെത്തുന്നതിനായി വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാർ, പൈലറ്റുമാർ, കാബിൻ ക്രൂ അംഗങ്ങൾ എന്നിവരുടെ കയ്യക്ഷരം അന്വേഷണ സംഘം പരിശോധിച്ചു. ഇതിനായി ഓരോരുത്തരോടും ആറ് ടിഷ്യൂ പേപ്പറുകളിൽ വീതം എഴുതാൻ ആവശ്യപ്പെട്ടതായാണ് വിവരം. കയ്യക്ഷര പരിശോധനയിലാണ് ഒരു കാബിൻ ക്രൂ അംഗത്തിലേക്കും ഒരു യാത്രക്കാരനിലേക്കും സംശയം നീണ്ടത്. എന്നാൽ ഭീഷണിക്കുറിപ്പ് എഴുതിയത് ഇവർ തന്നെയാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t