
ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിക്കുന്ന ഏത് പ്രവൃത്തിക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. നടുറോഡിൽ വാഹനം നിർത്തിയതിനെ തുടർന്ന് തുടർ അപകടങ്ങൾ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് പൊലീസ് വീണ്ടും ജാഗ്രതാ നിർദേശം നൽകിയത്. റോഡിൽ അശ്രദ്ധമായി വാഹനം നിർത്തുന്നതും ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതും ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾക്ക് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
അടിയന്തര സാഹചര്യം ഉണ്ടായാൽ വാഹനം സാധ്യമെങ്കിൽ അടുത്ത എക്സിറ്റിലേക്കോ സുരക്ഷിതമായ സ്ഥലത്തേക്കോ മാറ്റിനിർത്തണം. വാഹനം നീക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഉടൻ 999 എന്ന നമ്പറിൽ വിളിച്ച് സഹായം തേടണമെന്നും അധികൃതർ നിർദേശിച്ചു. നടുറോഡിൽ വാഹനം നിർത്തുന്നത് പിന്നാലെ വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്നതിനും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിനും കാരണമാകാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അതേസമയം, നിയന്ത്രണംവിട്ട കാർ ട്രാഫിക് ഐലൻഡിൽ ഇടിച്ചുകയറി സൈൻബോർഡ് തകർത്ത അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലീസും മുന്നറിയിപ്പുമായി രംഗത്തെത്തി. ഗുരുതര റോഡപകടങ്ങളിൽ ഗണ്യമായൊരു പങ്കും അശ്രദ്ധമായ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള ദിശമാറ്റം, മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെയുള്ള ശ്രദ്ധ തെറ്റിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കി വാഹനമോടിക്കുമ്പോൾ പൂർണ ജാഗ്രത പാലിക്കണമെന്ന് അബുദാബി, ഷാർജ പൊലീസ് അധികൃതർ ആവശ്യപ്പെട്ടു. ഒരു നിമിഷത്തെ അശ്രദ്ധ പോലും വലിയ അപകടത്തിനും നിയമനടപടികൾക്കും കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t