
ദുബൈയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇനി ഡിജിറ്റൽ സംവിധാനങ്ങളിലൂടെ എളുപ്പത്തിൽ പൂർത്തിയാക്കാം. റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)യുടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയാൽ കുറഞ്ഞ സമയത്തിനുള്ളിൽ ലൈസൻസ് പുതുക്കാനാകും. യുഎഇ, ജിസിസി പൗരന്മാർക്ക് ആദ്യമായി ലഭിക്കുന്ന ഡ്രൈവിങ് ലൈസൻസിന്റെ സാധുത അഞ്ച് വർഷമാണ്. മറ്റ് രാജ്യക്കാരായ താമസക്കാർക്ക് ആദ്യഘട്ടത്തിൽ രണ്ട് വർഷത്തെ സാധുതയാണ് ലഭിക്കുക. തുടർന്ന് 21 വയസ്സിന് മുകളിലുള്ള യുഎഇ, ജിസിസി പൗരന്മാർക്ക് 10 വർഷത്തേക്കും മറ്റ് താമസക്കാർക്ക് അഞ്ച് വർഷത്തേക്കും ലൈസൻസ് പുതുക്കാം. 21 വയസ്സിന് താഴെയുള്ളവർക്ക് ഒരു വർഷത്തെ സാധുതയുള്ള ലൈസൻസാണ് നൽകുന്നത്. ലൈസൻസ് പുതുക്കുന്നതിന് മുമ്പ് ആർടിഎ അംഗീകൃത കേന്ദ്രത്തിൽ നേത്രപരിശോധന നടത്തണം. നിലവിലെ ഡ്രൈവിങ് ലൈസൻസും എമിറേറ്റ്സ് ഐഡിയും ഉപയോഗിച്ച് പരിശോധന പൂർത്തിയാക്കാം. പരിശോധനാഫലം സേവനദാതാവ് നേരിട്ട് ആർടിഎ സംവിധാനത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യും.
തുടർന്ന് നിലവിലുള്ള ട്രാഫിക് പിഴകൾ ഉണ്ടെങ്കിൽ അവ പൂർണമായും അടച്ചുതീർക്കണം. ശേഷം ആർടിഎ വെബ്‌സൈറ്റ്, RTA Dubai ആപ്പ്, അല്ലെങ്കിൽ Dubai Now ആപ്പ് എന്നിവ വഴി UAE Pass ഉപയോഗിച്ച് ലോഗിൻ ചെയ്ത് ലൈസൻസ് പുതുക്കലിന് അപേക്ഷിക്കാം. കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലും സെൽഫ് സർവീസ് കിയോസ്കുകളിലും നേരിട്ടെത്തിയും സേവനം ലഭ്യമാണ്. 21 വയസ്സിന് താഴെയുള്ളവർക്ക് ലൈസൻസ് പുതുക്കുന്നതിനായി 100 ദിർഹവും, 21 വയസ്സും അതിന് മുകളിലുള്ളവർക്ക് 300 ദിർഹവുമാണ് പുതുക്കൽ ഫീസ്. ഇതിന് പുറമെ 20 ദിർഹം നോളജ് ആൻഡ് ഇന്നൊവേഷൻ ഫീസും ബാധകമാണ്. നേത്രപരിശോധനയ്ക്കായി സേവനദാതാവിനെ ആശ്രയിച്ച് 140 മുതൽ 180 ദിർഹം വരെ ചെലവ് വരാം.
അപേക്ഷ പൂർത്തിയാക്കിയാൽ താൽക്കാലിക ഡിജിറ്റൽ ലൈസൻസ് ഉടൻ ലഭിക്കും. ഫിസിക്കൽ ലൈസൻസ് കിയോസ്ക്, കസ്റ്റമർ സെന്റർ അല്ലെങ്കിൽ കൊറിയർ വഴി കൈപ്പറ്റാം. ആവശ്യാനുസരണം ഇലക്ട്രോണിക് രൂപത്തിലും ലൈസൻസ് ലഭ്യമാക്കാം. 21 വയസ്സിന് മുകളിലുള്ളവർക്ക് ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് ആറ് മാസം മുൻപും, 21 വയസ്സിന് താഴെയുള്ളവർക്ക് മൂന്ന് മാസം മുൻപും പുതുക്കലിന് അപേക്ഷിക്കാം. എന്നാൽ ലൈസൻസ് കാലാവധി കഴിഞ്ഞ് 10 വർഷത്തിലധികമായാൽ മൂല്യനിർണയ ടെസ്റ്റ് പൂർത്തിയാക്കിയ ശേഷമേ പുതുക്കൽ സാധ്യമാകൂ.