10 ദിവസത്തെ തിരച്ചിലിന് വിരാമം; ദുബായ് വിമാനത്താവളത്തിൽ കാണാതായ ‘ചൂട്ടി’യെ കണ്ടെത്തി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കാണാതായ പ്രിയപ്പെട്ട പൂച്ചയെ ഒടുവിൽ കണ്ടെത്തിയ സന്തോഷം പങ്കുവെച്ച് ശ്രീലങ്കൻ യുവതി അവിഷ്ക കൗമാദി. പത്ത് ദിവസത്തോളം നീണ്ട ആശങ്കയ്ക്കും തിരച്ചിലിനുമൊടുവിലാണ് ‘ചൂട്ടി’ സുരക്ഷിതമായി കണ്ടെത്തിയെന്ന വിവരം ഉടമയെ തേടിയെത്തിയത്. ശ്രീലങ്കൻ എയർലൈൻസ്, വിമാനത്താവള ഗ്രൗണ്ട് ഹാൻഡ്‌ലിങ് സ്ഥാപനമായ ഡനാറ്റ, ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ എന്നിവർ നടത്തിയ തുടർച്ചയായ ശ്രമങ്ങളാണ് പൂച്ചയെ കണ്ടെത്തുന്നതിൽ നിർണായകമായത്. ചൂട്ടിയെ കാണാതായതിന് പിന്നാലെ കടന്നുപോയ ദിവസങ്ങൾ ഏറെ വേദനാജനകമായിരുന്നുവെന്ന് അവിഷ്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആശങ്കയും അനിശ്ചിതത്വവും നിറഞ്ഞ ദിവസങ്ങൾക്കും ഉറക്കമില്ലാത്ത രാത്രികൾക്കും ശേഷമാണ് ഒടുവിൽ ആശ്വാസം നൽകുന്ന വാർത്ത ലഭിച്ചതെന്ന് അവർ കുറിച്ചു.

പൂച്ചയെ കണ്ടെത്താനായെങ്കിലും അവനെ സുരക്ഷിതമായി ശ്രീലങ്കയിലെത്തിച്ച് നേരിൽ കാണാനും ചേർത്തുപിടിക്കാനുമുള്ള കാത്തിരിപ്പിലാണ് അവിഷ്ക. ചൂട്ടിയെ കണ്ടെത്താൻ സഹായിച്ച ശ്രീലങ്കൻ എയർലൈൻസിനും ഡനാറ്റയ്ക്കും ദുബായ് എയർപോർട്ട് അധികൃതർക്കും അവർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. തനിക്കായി പ്രാർഥിക്കുകയും തിരച്ചിൽ സംബന്ധിച്ച പോസ്റ്റുകൾ പങ്കുവെക്കുകയും ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പിന്തുണ നൽകുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിച്ചാണ് അവിഷ്ക കുറിപ്പ് അവസാനിപ്പിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *