
യുഎഇയിലെ അൽ ഐനിൽ വീട്ടിനടുത്ത് കളിക്കുന്നതിനിടെ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ട് വയസ്സുകാരൻ മരിച്ചു. അറബിക് ദിനപത്രമായ അൽ ഖലീജ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.
വലീദ് ഖാലിദ് എന്ന കുട്ടി ഒൻപത് വയസ്സുകാരനായ സഹോദരൻ അഹമ്മദിനും മറ്റ് കുട്ടികൾക്കുമൊപ്പം താമസമേഖലയിൽ കളിക്കുകയായിരുന്നു. കുട്ടികൾ പതിവായി കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന വാട്ടർ കൂളർ സമീപത്തെ ഒരു വീടിന് പുറത്താണ് സ്ഥാപിച്ചിരുന്നത്.
കളിക്കുന്നതിനിടെ ഒരു കുട്ടി കൂളറിനടുത്തേക്ക് പോയി അതിൽ തൊട്ടതോടെ പെട്ടെന്ന് നിലത്തുവീണു. സുഹൃത്ത് തമാശ കാണിക്കുകയാണെന്നാണ് ആദ്യം വലീദ് കരുതിയത്. എന്താണ് സംഭവിച്ചതെന്ന് നോക്കാനായി അടുത്തെത്തിയ വലീദ് ആ കുട്ടിയെ തൊട്ടപ്പോൾ കൈയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി അനുഭവപ്പെട്ടതായി സഹോദരൻ അഹമ്മദ് പറഞ്ഞു. ഉടൻ കൈ പിൻവലിച്ചെങ്കിലും വലീദിന്റെ തോളിൽ വാട്ടർ കൂളർ സ്പർശിക്കുകയും കുട്ടി നിലത്തുവീഴുകയും ചെയ്തു.
അഹമ്മദ് വീട്ടിലേക്ക് ഓടിയെത്തി പിതാവിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പിതാവ് വലീദ് നിലത്ത് കിടക്കുന്നതും വൈദ്യുതാഘാതമേറ്റ ശരീരഭാഗത്ത് കറുത്ത പാടുകൾ കാണുന്നതും ശ്രദ്ധിച്ചു. ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു.
വലീദിന്റെ മരണത്തിൽ കുടുംബാംഗങ്ങളും സഹപാഠികളും അധ്യാപകരും സ്കൂൾ ജീവനക്കാരും ദുഃഖം രേഖപ്പെടുത്തി. നല്ല പെരുമാറ്റത്തിലൂടെ എല്ലാവരുടെയും പ്രിയങ്കരനായ കുട്ടിയായിരുന്നു വലീദെന്ന് അവർ അനുസ്മരിച്ചു.
അതേസമയം, വാട്ടർ കൂളർ എങ്ങനെയാണ് വൈദ്യുതിയുമായി സമ്പർക്കത്തിലായതെന്നോ സംഭവത്തെ തുടർന്ന് ഉപകരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്നോ അൽ ഖലീജ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.