സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം… യൂണിഫോമിനായി മണിക്കൂറുകൾ നീളുന്ന ക്യൂ! ‘ബാക്ക് ടു സ്കൂൾ’ തിരക്ക് തുടങ്ങി!

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യൂണിഫോം കടകളിൽ രക്ഷിതാക്കളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദുബായിലെയും ഷാർജയിലെയും പ്രമുഖ യൂണിഫോം വിതരണ കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീളുന്ന ക്യൂ രൂപപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ഓഗസ്റ്റ് 31 തിങ്കളാഴ്ചയാണ് യുഎഇയിലെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിനായി തുറക്കുന്നത്. ഇതിന് മുന്നോടിയായി യൂണിഫോം വാങ്ങാനെത്തുന്ന രക്ഷിതാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ദുബായ് ബർജുമാനിലെ ‘ത്രെഡ്‌സ്’ ഉൾപ്പെടെയുള്ള കടകളിൽ രാവിലെ മുതൽ തന്നെ നീണ്ട നിരയാണ്. ഓൺലൈനായി മുൻകൂട്ടി സമയം ബുക്ക് ചെയ്തവർക്കുപോലും യൂണിഫോം ലഭിക്കാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട സാഹചര്യമുണ്ട്.

കുട്ടികൾക്ക് ആവശ്യമായ കൃത്യമായ സൈസിലുള്ള യൂണിഫോമുകൾ പല കടകളിലും ലഭ്യമല്ലാത്തതും രക്ഷിതാക്കളുടെ ബുദ്ധിമുട്ട് വർധിപ്പിക്കുന്നു. ഷാർജയിലെ ‘ബിംബിനോ’ പോലുള്ള കടകളിൽ ഓഗസ്റ്റ് 24 മുതൽ തിരക്ക് ശക്തമായതായും, അടിയന്തര ആവശ്യമില്ലാത്തവർ സെപ്റ്റംബർ ആദ്യവാരം ഷോപ്പിംഗിനായി എത്തണമെന്നും കട അധികൃതർ നിർദേശിച്ചിട്ടുണ്ട്.

കരാമയിലെ എൽസിടി യൂണിഫോം കടയിലും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കണക്കിലെടുത്ത് മാർക്സ് ആൻഡ് സ്പെൻസർ, സെന്റർപോയിന്റ് തുടങ്ങിയ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളും സ്കൂൾ യൂണിഫോമുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. സർക്കാർ സ്കൂളുകളുടെ യൂണിഫോമുകളും സെന്റർപോയിന്റ് വഴി ലഭ്യമാണ്.

യൂണിഫോം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ചില സ്ഥാപനങ്ങൾ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ‘ത്രെഡ്‌സ്’ പഴയ യൂണിഫോം തിരികെ നൽകുന്നവർക്ക് പുതിയത് വാങ്ങുമ്പോൾ 25 ദിർഹത്തിന്റെ ഡിസ്കൗണ്ട് വൗച്ചർ നൽകുന്നുണ്ട്.

സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പ് തിരക്കിൽപ്പെട്ട് ഷോപ്പിംഗ് നടത്തുന്നത് ഒഴിവാക്കാൻ രക്ഷിതാക്കൾ നേരത്തെ തന്നെ യൂണിഫോം വാങ്ങി സൈസുകൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version