Sharjah Residential Parking Permits; ഷാർജയിലെ മൂന്ന് മേഖലകളിൽ താമസക്കാർക്കായി പ്രത്യേക പാർക്കിംഗ് പെർമിറ്റ്

Sharjah Residential Parking Permits; നഗരത്തിലെ താമസമേഖലകളിൽ പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി പുതിയ പാർക്കിംഗ് പെർമിറ്റ് സംവിധാനവുമായി ഷാർജ സിറ്റി മുൻസിപ്പാലിറ്റി. അൽ ഫിഷ്ത്, ഷർഖാൻ, അൽ റിഫാ എന്നീ മൂന്ന് പ്രധാന റെസിഡൻഷ്യൽ ഏരിയകളിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. താമസക്കാർക്ക് തടസ്സമില്ലാതെ പാർക്കിംഗ് സൗകര്യം ഉറപ്പാക്കാനും പുറത്തുനിന്നുള്ളവർ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനുമാണ് നഗരസഭയുടെ ഈ നീക്കം.പദ്ധതിയുടെ ഭാഗമായി മൂന്ന് മേഖലകളിലും നഗരസഭ കർശനമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. പൊതു പാർക്കിംഗ് ഫീസ് ഒഴിവാക്കുന്നതിനായി പലരും താമസസ്ഥലങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. റെസിഡൻഷ്യൽ പാർക്കിംഗ് ഇടങ്ങൾ ആ പ്രദേശത്തെ താമസക്കാർക്ക് മാത്രമുള്ളതാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. താമസക്കാരുടെ പരാതികൾ കൂടി പരിഗണിച്ചാണ് ഈ മേഖലകളിൽ പ്രത്യേക പരിശോധനയ്ക്കായി ഇൻസ്പെക്ടർമാരെ നിയോഗിച്ചിട്ടുള്ളതെന്ന് പബ്ലിക് പാർക്കിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹമദ് അൽ ഖാഇദ് പറഞ്ഞു. താമസ്ഥലങ്ങൾക്ക് മുന്നിലെ പാർക്കിംഗ് സൗകര്യം 24 മണിക്കൂറും നിവാസികൾക്ക് മാത്രമായി ലഭ്യമാക്കുക, നഗരത്തിന്റെ മനോഹാരിത നിലനിർത്തുക, സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ റെസിഡൻഷ്യൽ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിക്കാനും നഗരസഭയ്ക്ക് പദ്ധതിയുണ്ട്. അൽ ഫിഷ്ത്, ഷർഖാൻ, അൽ റിഫാ എന്നീ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് മുൻസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് വഴി തങ്ങളുടെ വാഹനങ്ങൾ റെസിഡൻഷ്യൽ പാർക്കിംഗ് പെർമിറ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളെ പരിശോധന വേളയിൽ ഇൻസ്പെക്ടർമാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. കൂടാതെ, അതിഥികൾക്കായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നഗരസഭ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി 993 എന്ന നമ്പറിൽ നഗരസഭയുടെ കോൾ സെന്ററിൽ വിളിച്ച് സന്ദർശകരുടെ വാഹന വിവരങ്ങൾ കൈമാറിയാൽ നിയമാനുസൃതമായി പാർക്കിംഗ് അനുവദിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version