
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരുന്ന സാഹചര്യത്തിൽ സെപ്റ്റംബറിൽ യുഎഇയിലെ ഇന്ധനവിലയിൽ കുറവുണ്ടാകാനോ നിലവിലെ നിരക്കിൽ വലിയ മാറ്റമില്ലാതിരിക്കാനോ സാധ്യത. മാസാവസാനം വരെയും എണ്ണവിലയിലെ താഴ്ന്ന പ്രവണത തുടരുകയാണെങ്കിൽ വാഹന ഉടമകൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
രാജ്യാന്തര ക്രൂഡ് ഓയിൽ വിലയും ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ശരാശരി വിലയും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് യുഎഇയിൽ ഓരോ മാസത്തെയും പെട്രോൾ, ഡീസൽ നിരക്കുകൾ നിശ്ചയിക്കുന്നത്. തുടർച്ചയായ വിലക്കയറ്റത്തിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായി. 2.7 ശതമാനം വരെ കുറഞ്ഞ് വീപ്പയ്ക്ക് 88 ഡോളറിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം 72 മുതൽ 102 ഡോളർ വരെ ഉയർന്ന എണ്ണവില ഇപ്പോൾ വീണ്ടും 90 ഡോളറിന് താഴെയെത്തിയിട്ടുണ്ട്. അമേരിക്ക–ഇറാൻ നയതന്ത്ര തർക്കങ്ങളും ഉപരോധങ്ങളും എണ്ണവിപണിയെ സ്വാധീനിക്കുന്നുണ്ടെങ്കിലും ഒപെക് പ്ലസ് രാജ്യങ്ങളുടെ ഉൽപാദന വർധന തീരുമാനമാണ് വിലയിടിവിന് പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കുന്നത്. സൗദി അറേബ്യയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സെപ്റ്റംബർ മുതൽ പ്രതിദിനം 1.88 ലക്ഷം ബാരൽ അധിക എണ്ണ വിപണിയിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിലെ രാജ്യാന്തര എണ്ണവിലയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് സെപ്റ്റംബറിലെ യുഎഇ ഇന്ധനവില നിശ്ചയിക്കുക. അതിനാൽ വരും ദിവസങ്ങളിലും ക്രൂഡ് ഓയിൽ വില 85 മുതൽ 90 ഡോളർ വരെയുള്ള പരിധിയിൽ തുടരുകയാണെങ്കിൽ പെട്രോൾ, ഡീസൽ വിലയിൽ വലിയ വർധനയ്ക്ക് സാധ്യത കുറവാണ്. അതേസമയം, മാസാവസാനത്തോടെ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 80 ഡോളറിനടുത്തേക്ക് താഴുകയാണെങ്കിൽ സെപ്റ്റംബറിൽ യുഎഇയിലെ ഇന്ധനവിലയിൽ ശ്രദ്ധേയമായ കുറവുണ്ടാകാനും സാധ്യതയുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി സെപ്റ്റംബർ മാസത്തേക്കുള്ള പുതിയ ഇന്ധനവില പ്രഖ്യാപിക്കും. അതുവരെ രാജ്യാന്തര എണ്ണവിപണിയിലെ ചലനങ്ങളിലേക്കാണ് വാഹന ഉടമകളുടെ ശ്രദ്ധ.