
അബുദാബിയിൽ പെർസീഡ്സ് മീറ്റിയർ ഷവർ കാണാനായി പോയി മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ 17കാരിയായ പ്രവാസി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. നബാനിപ്പ സിൻഹയാണ് മരിച്ചത്. അപകടത്തിൽ പെൺകുട്ടിയുടെ സഹോദരനും കാർ ഓടിച്ചിരുന്ന കുടുംബസുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. അബുദാബിയിലെ പ്രശസ്തമായ നക്ഷത്രനിരീക്ഷണ കേന്ദ്രമായ അൽ ക്വാ മരുഭൂമിയിൽ നിന്ന് ആകാശക്കാഴ്ചകൾ കണ്ടശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. രാത്രി വൈകിയുള്ള യാത്ര ഒഴിവാക്കാൻ പുലർച്ചെ അഞ്ചിന് ശേഷം മാത്രമേ മടങ്ങാവൂ എന്ന് മാതാപിതാക്കൾ നിർദേശിച്ചിരുന്നു. വീടിന് സമീപമെത്തിയെന്ന് മാതാപിതാക്കൾക്ക് സന്ദേശമയച്ച് മിനിറ്റുകൾക്കുള്ളിലാണ് ദുരന്തവാർത്ത കുടുംബത്തെ തേടിയെത്തിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നബാനിപ്പയുടെ സഹോദരൻ ദീപ്താങ്ഷു (20) അമേരിക്കയിൽ ഉന്നതപഠനം നടത്തുന്ന രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ്. അവധിക്കാലത്ത് യുഎഇയിലെത്തിയ ദീപ്താങ്ഷു ശഖ്ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയകൾക്ക് വിധേയനാകുന്ന അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്. വാഹനമോടിച്ചിരുന്ന കുടുംബസുഹൃത്ത് നിരഞ്ജനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ ചികിത്സയിലാണ്.
പന്ത്രണ്ടാം ക്ലാസ് കൊമേഴ്സ് വിഭാഗത്തിൽ സ്കൂളിൽ രണ്ടാം റാങ്ക് നേടിയ നബാനിപ്പ, ദുബായിലെ ഒരു സർവകലാശാലയിൽ അക്കൗണ്ടിങ് ആൻഡ് ഫിനാൻസ് കോഴ്സിന് 50 ശതമാനം സ്കോളർഷിപ്പോടെ പ്രവേശനം നേടിയിരുന്നു. പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവ് പുലർത്തിയിരുന്ന വിദ്യാർഥിനിയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും പ്രവാസി സമൂഹത്തെയും കണ്ണീരിലാഴ്ത്തി. നബാനിപ്പയുടെ സംസ്കാരച്ചടങ്ങുകൾ ദുബൈ ജബൽ അലിയിലെ ന്യൂ സോനാപ്പൂർ ശ്മശാനത്തിൽ നടന്നു. സ്റ്റാർഗേസിങ്ങിനായി നിരവധി പേർ എത്തുന്ന അൽ ക്വാ മേഖലയിലെ പാതയിൽ നടക്കുന്ന രണ്ടാമത്തെ പ്രധാന അപകടമാണിത്. കഴിഞ്ഞ വർഷവും ഇതേ വഴിയിൽ മലയാളി യുവാവ് സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. വിജനമായ മരുഭൂമി പാതകളിലൂടെ രാത്രിയിലും പുലർച്ചെയും യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.