
എയർ ഇന്ത്യയിലെ രണ്ട് പൈലറ്റുമാർ കൂടി ലഹരി പരിശോധനയിൽ പ്രാഥമികമായി പോസിറ്റീവായതായി റിപ്പോർട്ട്. ഇവരുടെ പരിശോധനാഫലം സ്ഥിരീകരിക്കുന്നതിനുള്ള തുടർ പരിശോധനകൾ നടത്തും.
ഫുക്കറ്റ്–ഡൽഹി റൂട്ടിൽ സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് എയർ ഇന്ത്യ പൈലറ്റുമാരുടെ ഡ്രഗ് ടെസ്റ്റുകൾ കർശനമാക്കിയത്. പരിശോധനയിൽ ഇയാൾ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. പുതിയ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി എയർ ഇന്ത്യയിലെ എല്ലാ പൈലറ്റുമാരും നിർബന്ധമായും ഡ്രഗ് ടെസ്റ്റിന് വിധേയരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇതുവരെ 300 പൈലറ്റുമാർ പരിശോധന പൂർത്തിയാക്കിയതായാണ് വിവരം. അന്തിമ പരിശോധനാഫലങ്ങൾ 48 മണിക്കൂറിനകം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ആഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം യാത്രയ്ക്കിടെ ഏകദേശം 300 അടി താഴേക്ക് പതിച്ച സംഭവവും ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധേയമാണ്. ബ്ലാക്ക് ബോക്സ് പരിശോധനയിൽ ഏകദേശം നാല് സെക്കൻഡ് വിമാനം നിയന്ത്രണങ്ങളില്ലാതെ സ്വയം പറന്നതായി കണ്ടെത്തിയിരുന്നു.
ഈ സമയത്ത് വിമാനത്തിലെ എലിവേറ്ററുകളും എയിലറോണുകളും പ്രവർത്തിച്ചിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് എയർ ഇന്ത്യ പൈലറ്റുമാരുടെ ലഹരി പരിശോധന കൂടുതൽ കർശനമാക്കിയത്.