ജയിൽ അല്ല, ഇനി സമൂഹസേവനം! ചെറുകിട കുറ്റങ്ങൾക്ക് പുതിയ മാതൃകയുമായി യുഎഇ

ചെറുകിട കുറ്റകൃത്യങ്ങൾക്കും ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കും തടവുശിക്ഷയ്ക്ക് പകരം ബദൽ ശിക്ഷാ സംവിധാനങ്ങളും പുനരധിവാസ നടപടികളും കൂടുതൽ വ്യാപകമാക്കിയതായി അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (ADJD) അറിയിച്ചു. കുറ്റവാളികളെ സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയും ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങൾ ശക്തിപ്പെടുത്തുന്നത്. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ ഇലക്ട്രോണിക് നിരീക്ഷണ (Electronic Monitoring) സംവിധാനത്തിന്റെ ഉപയോഗത്തിൽ ശരാശരി 170 ശതമാനവും, സാമൂഹിക സേവനത്തെ അടിസ്ഥാനമാക്കിയുള്ള ബദൽ ശിക്ഷാ നടപടികളിൽ 83.5 ശതമാനവും വർധന രേഖപ്പെടുത്തിയതായി വകുപ്പ് വ്യക്തമാക്കി.

യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയും അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ മുന്നോട്ടുവച്ച നീതിന്യായ പരിഷ്‌കാര ദർശനത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതെന്ന് ഡിപ്പാർട്ട്‌മെന്റ് അണ്ടർസെക്രട്ടറി കൗൺസിലർ യൂസുഫ് സഈദ് അൽ അബ്‌രി വ്യക്തമാക്കി. അണ്ടർസെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ പോളിസീസ് കമ്മിറ്റി യോഗത്തിലാണ് പദ്ധതികളുടെ പുരോഗതിയും പ്രകടന സൂചികകളും വിലയിരുത്തിയത്.

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ജയിൽശിക്ഷയ്ക്ക് പകരം സമൂഹസേവന പ്രവർത്തനങ്ങൾ ഏൽപ്പിക്കുന്ന രീതി മികച്ച ഫലമാണ് നൽകുന്നതെന്ന് യോഗം വിലയിരുത്തി. അതോടൊപ്പം, അത്യാധുനിക ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങളിലൂടെ ശിക്ഷ അനുഭവിക്കുന്നവരുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാനും നീതിന്യായ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ശിക്ഷ എന്നതിലുപരി പുനരധിവാസത്തിനും സാമൂഹിക പുനഃസംയോജനത്തിനും പ്രാധാന്യം നൽകുന്ന ആധുനിക നീതിന്യായ സമീപനമാണ് അബൂദബി കൂടുതൽ ശക്തിപ്പെടുത്തുന്നതെന്നും ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version