യുഎഇ–ഇന്ത്യ യാത്രക്കാർക്ക് സന്തോഷവാർത്ത; നാല് പുതിയ സർവീസുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗകര്യം വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് നാല് പുതിയ നേരിട്ടുള്ള സർവീസുകൾ കൂടി ആരംഭിച്ചു. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. നവി മുംബൈ, ഇൻഡോർ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഇതിനകം സർവീസ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ, അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലേക്കുള്ള പുതിയ ഡയറക്ട് സർവീസും ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുമെന്ന് അബുദാബി എയർപോർട്സ് അധികൃതർ അറിയിച്ചു.

യുഎഇക്കും ഇന്ത്യയ്ക്കുമിടയിൽ വർധിച്ചുവരുന്ന യാത്രാ ആവശ്യകത പരിഗണിച്ചാണ് പുതിയ റൂട്ടുകൾ ആരംഭിച്ചതെന്ന് അബുദാബി എയർപോർട്സ് സി.ഇ.ഒ അഹമ്മദ് ജുമാ അൽ ഷംസി പറഞ്ഞു. പുതിയ സർവീസുകൾ യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ ഒരുക്കുന്നതിനൊപ്പം അബുദാബിയുടെ ടൂറിസം, വ്യാപാര, സാമ്പത്തിക വളർച്ചയ്ക്കും കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക വിമാനക്കമ്പനികളുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നത് യാത്രാ ശൃംഖല വികസിപ്പിക്കാനും യാത്രക്കാർക്ക് മികച്ച കണക്റ്റിവിറ്റിയും സൗകര്യങ്ങളും ഉറപ്പാക്കാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ, എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിപണികളിലൊന്നാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു. അബുദാബിയിൽ നിന്ന് സർവീസുകളും വിമാനങ്ങളുടെ എണ്ണവും വർധിപ്പിക്കുന്നതിലൂടെ കൂടുതൽ നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള അവസരവും കൂടുതൽ സൗകര്യപ്രദമായ സമയക്രമവും യാത്രക്കാർക്ക് ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version