
ദുബൈയിൽ സ്ഫോടനം നടന്നുവെന്ന വ്യാജ വാർത്ത നൽകിയ സംഭവത്തിൽ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെതിരെ യു.എ.ഇ നിയമനടപടി ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്സ് റിപ്പോർട്ടറെ പബ്ലിക് പ്രോസിക്യൂഷൻ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് അനുമതി നൽകിയ മുതിർന്ന എഡിറ്റോറിയൽ ഉദ്യോഗസ്ഥരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദുബൈ ഡൗൺടൗണിൽ സ്ഫോടനശബ്ദം കേട്ടതായി റോയിട്ടേഴ്സ് വാർത്ത പ്രസിദ്ധീകരിച്ചത്. എന്നാൽ, ഈ റിപ്പോർട്ട് യാഥാർഥ്യവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് വാർത്ത നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.
തുടർന്ന് റോയിട്ടേഴ്സ് വാർത്ത പിൻവലിക്കുകയും ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് തങ്ങളുടെ എഡിറ്റോറിയൽ നിലവാരത്തിന് അനുസൃതമായിരുന്നില്ലെന്നും, വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായും വാർത്താ ഏജൻസി സമ്മതിച്ചു. എന്നാൽ, വാർത്ത പിൻവലിച്ചതും ഖേദം പ്രകടിപ്പിച്ചതും നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ മതിയാകില്ലെന്ന് യു.എ.ഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽശംസി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി റിപ്പോർട്ട് തയ്യാറാക്കിയ സാഹചര്യങ്ങൾ, വിവരങ്ങൾ എങ്ങനെ സ്ഥിരീകരിച്ചു, എഡിറ്റോറിയൽ പരിശോധനയിൽ വീഴ്ച സംഭവിച്ചോയെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ പരിശോധിക്കും. മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങളും പ്രൊഫഷണൽ മാനദണ്ഡങ്ങളും ലംഘിച്ചതായി കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി.