മാപ്പിളപ്പാട്ടിന്റെ പ്രിയ ശബ്ദം നിലച്ചു; പ്രമുഖ ഗായകൻ ദുബായിൽ അന്തരിച്ചു

മാപ്പിളപ്പാട്ട് വേദികളിലെ ശ്രദ്ധേയ ഗായകൻ നിസാർ വയനാട് (44) ദുബായിൽ അന്തരിച്ചു. പനിയെ തുടർന്ന് മൻഖൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. സംഗീത പരിപാടികൾക്കായി കഴിഞ്ഞ മാസമാണ് വയനാട് കമ്പളക്കാട് സ്വദേശിയായ നിസാർ ദുബായിലെത്തിയത്. ദുബായിലും സൗദി അറേബ്യയിലും വരും ദിവസങ്ങളിൽ നിരവധി സംഗീത പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.

നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രവാസി മലയാളികളുടെ ഹൃദയം കീഴടക്കിയ കലാകാരനായിരുന്നു നിസാർ. ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ശബ്ദത്തോടുള്ള സാമ്യവും അദ്ദേഹത്തെ ഗാനമേള വേദികളിൽ വേറിട്ടുനിർത്തിയിരുന്നു. ബഹ്റൈനിൽ ഉദിത് നാരായണനോടൊപ്പം വേദി പങ്കിടാനും അദ്ദേഹത്തോടൊപ്പം പാടാനും നിസാറിന് അവസരം ലഭിച്ചിരുന്നു. മാപ്പിളപ്പാട്ടിന് പുറമെ സിനിമാ പിന്നണി ഗാനരംഗത്തും നിസാർ സാന്നിധ്യമറിയിച്ചു. ദിലീപ് ചിത്രം ‘പ്രഫസർ ഡിങ്കൻ’ ഉൾപ്പെടെ കന്നഡ സിനിമയിലും അദ്ദേഹം പിന്നണി ഗായകനായി പാടിയിട്ടുണ്ട്. നിരവധി ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

വയനാട് കമ്പളക്കാട് ഇറോത്ത് വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷഹന നിസാർ. മക്കൾ: സിംബ്രീന, അംബ്രീന. സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ.

നിസാർ വയനാടിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സംഗീത-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ദുബായിൽ പുരോഗമിക്കുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *