
ദുരൂഹ സാഹചര്യത്തിൽ കാണാതായ മകനെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ഒരു മലയാളി അമ്മ കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുഎഇയിൽ കഴിയുകയാണ്. വയനാട് വൈത്തിരി പൊഴുതന ആറാംമൈൽ സ്വദേശിനിയായ ജാസ്മിൻ എന്ന അമ്പതുകാരിയുടെ ജീവിതം ഇന്ന് ഒരൊറ്റ പ്രതീക്ഷയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത് – എവിടെയെങ്കിലും തന്റെ മകൻ അഫ്സൽ ജീവനോടെയുണ്ടാകുമെന്ന വിശ്വാസം. ദുബായ് അൽ നഹ്ദയിലെ ഒരു വീട്ടിൽ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്താണ് ജാസ്മിൻ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. കഠിനാധ്വാനത്തിനിടയിലും മനസ്സ് മുഴുവൻ മകൻ അഫ്സലിന്റെ ഓർമ്മകളാണ്. 28-കാരനായ അഫ്സലിനെ 2024 മാർച്ച് 5-നാണ് അവസാനമായി കണ്ടത്. ദുബായ് വർഖയിലെ ജോലിസ്ഥലത്ത് നിന്ന് ഷാർജയിൽ താമസിക്കുന്ന സുഹൃത്തിനെ കാണാൻ പോയ അഫ്സൽ പിന്നീട് തിരികെ എത്തിയില്ല. അന്നുമുതൽ കുടുംബം അനിശ്ചിതത്വത്തിന്റെ വേദനയിലാണ്.
അജ്ഞാത മൃതദേഹങ്ങൾ… പക്ഷേ അത് മകനല്ല
അഫ്സലിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിൽ ദുബായിൽ കണ്ടെത്തിയ ഒരു അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊലീസ് ജാസ്മിനെ വിളിച്ചു. വലിയ ഭയത്തോടെയാണ് അവർ യുഎഇയിലെത്തിയത്. എന്നാൽ ഡിഎൻഎ പരിശോധനയിൽ അത് അഫ്സലല്ലെന്ന് വ്യക്തമായി. പിന്നീട് മറ്റൊരു മൃതദേഹവും പരിശോധിച്ചെങ്കിലും അതും മകനല്ലെന്ന് സ്ഥിരീകരിച്ചു. ഈ സംഭവങ്ങൾക്കുശേഷം മകൻ എവിടെയോ ജീവനോടെയുണ്ടെന്ന വിശ്വാസം ജാസ്മിനിൽ കൂടുതൽ ശക്തമായി. അഫ്സലിനെ കണ്ടെത്താതെ നാട്ടിലേക്ക് മടങ്ങില്ലെന്ന തീരുമാനത്തോടെ തൊഴിൽ വീസ സംഘടിപ്പിച്ച് അവർ യുഎഇയിൽ തുടരുകയായിരുന്നു.
സഹായിക്കാമെന്ന് പറഞ്ഞ് തട്ടിപ്പിനും ഭീഷണിക്കും ഇരയായി
മകനെ അന്വേഷിക്കുന്നതിനിടയിൽ ചിലർ ജാസ്മിന്റെ നിസ്സഹായാവസ്ഥ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതും വേദനാജനകമായ അനുഭവമായി. സാമൂഹിക പ്രവർത്തകരാണെന്ന് പരിചയപ്പെടുത്തി സമീപിച്ച ചിലർ പണം തട്ടാൻ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ജാസ്മിൻ പറയുന്നു. അപരിചിതമായ നഗരത്തിൽ ഓരോ ദിവസവും പ്രതിസന്ധികളും വഞ്ചനകളും നേരിടുമ്പോഴും മകൻ ഒരുനാൾ തിരിച്ചെത്തുമെന്ന വിശ്വാസമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് അവർ പറയുന്നു.
ഷാർജയിലേക്ക് പോയ യാത്ര… പിന്നെ ഒരു വിവരവും ഇല്ല
കൂലിപ്പണിക്കാരനായ യാഖൂബിന്റെ ഭാര്യയാണ് ജാസ്മിൻ. മൂന്ന് മക്കളെയാണ് അവർ കഷ്ടപ്പെട്ട് വളർത്തിയത്. മൂത്തമകൻ മുഹമ്മദ് ജാസിർ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. ഇളയ മകൾ അഫ്ന വിവാഹിതയാണ്. മൊബൈൽ റിപ്പയറിംഗും ഫോട്ടോഗ്രഫിയും പഠിച്ച അഫ്സൽ 2022-ൽ ജോലിക്കായി യുഎഇയിലെത്തി. ദുബായ് വർഖയിലെ ഒരു ജെന്റ്സ് സലൂണിൽ ഹെയർഡ്രസറായി ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പുതിയ ജോലി തേടി 2024 ഫെബ്രുവരിയിൽ സന്ദർശക വീസയിൽ വീണ്ടും യുഎഇയിലെത്തി.
അമ്മയെ ദിവസവും രാവിലെയും വൈകിട്ടും വിളിച്ചിരുന്ന അഫ്സൽ, കാണാതാകുന്നതിന് തലേദിവസവും ജാസ്മിനോട് സംസാരിച്ചിരുന്നു. ഷാർജയിൽ സുഹൃത്ത് സുഹൈലിനെ കാണാൻ പോകുകയാണെന്ന് അറിയിച്ചതായിരുന്നു അവസാന സംഭാഷണം. തുടർന്ന് അഫ്സലിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. പിന്നീട് മാർച്ച് 11-ന് ഫോൺ അൽപസമയം ഓണാകുകയും വാട്സ്ആപ്പ് സന്ദേശങ്ങൾ വായിക്കപ്പെട്ടതായി കാണിക്കുകയും ചെയ്തു. ഉടൻ ജാസ്മിൻ സന്ദേശങ്ങൾ അയച്ചെങ്കിലും ഫോൺ വീണ്ടും ഓഫ് ആയി. സുഹൈലിനെ ബന്ധപ്പെട്ടപ്പോൾ, അഫ്സലിന്റെ കാര്യത്തിൽ ഇനി വിളിക്കരുതെന്നായിരുന്നു മറുപടിയെന്ന് ജാസ്മിൻ പറയുന്നു. തുടർന്നാണ് സൗദിയിൽ നിന്ന് എത്തിയ മൂത്തമകൻ ജാസിർ റാഷിദിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ഷാർജ പൊലീസ് വിളിച്ചതിനെ തുടർന്ന് സഹോദരൻ റസാഖിനൊപ്പം ജാസ്മിൻ യുഎഇയിലെത്തി.
‘എട്ട് ലക്ഷം നൽകിയാൽ മകനെ പുറത്തിറക്കാം’
മകനെ കണ്ടെത്താതെ നാട്ടിലേക്ക് മടങ്ങില്ലെന്ന തീരുമാനത്തിനിടയിൽ മറ്റൊരു ഞെട്ടിക്കുന്ന അനുഭവവും ജാസ്മിനെ തേടിയെത്തി. സാമൂഹിക പ്രവർത്തകനെന്ന് പരിചയപ്പെടുത്തിയ ഒരു മലയാളി, അഫ്സൽ ജയിലിലാണെന്നും പുറത്തിറക്കാൻ എട്ട് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടതായി അവർ പറയുന്നു. പണം നൽകിയില്ലെങ്കിൽ തന്നെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ജാസ്മിൻ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശങ്ങൾ ബന്ധപ്പെട്ടവർക്കും അന്വേഷണ ഏജൻസികൾക്കും കൈമാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
‘മകനെ കണ്ടെത്താതെ ഞാൻ മടങ്ങില്ല’
അഫ്സലിന്റെ തിരോധാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ജാസ്മിന്റെ വിശ്വാസം. സംശയമുള്ള കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അവർ പറയുന്നു. അഫ്സലിനെ കണ്ടെത്താനുള്ള ശ്രമത്തിൽ സഹായം നൽകിയ കെഎംസിസി പ്രവർത്തകൻ യാസിറിനെയും ചിലർ ഭീഷണിപ്പെടുത്തിയതായി ജാസ്മിൻ ആരോപിക്കുന്നു. “എന്റെ മകന്റെ തിരോധാനത്തിന് പിന്നിലെ സത്യം കണ്ടെത്താതെ ഞാൻ നാട്ടിലേക്ക് മടങ്ങില്ല. അവൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്നാണ് എന്റെ വിശ്വാസം,” കണ്ണീരോടെയാണ് ഈ അമ്മ പറയുന്നത്. അഫ്സലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ +971 50 897 1367 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർഥിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t