
യുഎഇയിൽ കനത്ത വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്കുള്ളിൽ തീപിടിത്തത്തിന് കാരണമാകാവുന്ന വസ്തുക്കൾ സൂക്ഷിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില കാരണം ചില സാധനങ്ങൾ പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ സാധ്യതയുള്ളതിനാൽ വാഹന ഉടമകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. പെർഫ്യൂം കുപ്പികൾ, ഹാൻഡ് സാനിറ്റൈസറുകൾ, ഗ്യാസ് കാനിസ്റ്ററുകൾ, ലൈറ്ററുകൾ, ബാറ്ററികൾ, പവർ സ്റ്റോറേജ് ഉപകരണങ്ങൾ തുടങ്ങിയവ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന വാഹനങ്ങൾക്കുള്ളിൽ വെക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കടുത്ത ചൂടിൽ ഇവയ്ക്ക് തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വാഹനങ്ങളിൽ ഇന്ധനം, എണ്ണ, പ്ലാസ്റ്റിക്, റബർ തുടങ്ങിയ തീപിടിക്കാൻ സാധ്യതയുള്ള ഘടകങ്ങൾ ഉള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും അധികൃതർ ഓർമിപ്പിച്ചു. പതിവായി വാഹനപരിശോധന നടത്തുക, അഗ്നിശമന ഉപകരണവും പ്രഥമശുശ്രൂഷ കിറ്റും വാഹനത്തിൽ കരുതുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.