യുഎഇയിൽ വൻ തീപിടിത്തം; ഫ്ലാറ്റിൽ കുടുങ്ങിയ നവജാത ശിശുവിന് രക്ഷകരായി അഗ്നിരക്ഷാ സേന

ഷാർജയിലെ അൽ നാസിരിയ മേഖലയിലെ ഒരു പാർപ്പിട കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കുടുങ്ങിയ നവജാത ശിശുവിനെ സിവിൽ ഡിഫൻസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. പുലർച്ചെയുണ്ടായ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 1.35ഓടെ കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സമനാൻ, അൽ മിന അഗ്നിരക്ഷാ സ്റ്റേഷനുകളിൽ നിന്നുള്ള സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫ്ലാറ്റിലെ എയർ കണ്ടീഷണറിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തീയും പുകയും വ്യാപിക്കുന്നതിനിടെ ഫ്ലാറ്റിൽ കുടുങ്ങിയ കുടുംബാംഗങ്ങളെയും നവജാത പെൺകുഞ്ഞിനെയും അഗ്നിരക്ഷാ സേനാംഗങ്ങൾ സുരക്ഷിതമായി പുറത്തേക്ക് മാറ്റി.

തീപിടിത്തം സമീപ ഫ്ലാറ്റുകളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് തന്നെ അഗ്നിരക്ഷാ സേന തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് പുക പൂർണമായി നീക്കം ചെയ്യുകയും വീണ്ടും തീപിടിത്തത്തിന് സാധ്യതയില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള തണുപ്പിക്കൽ നടപടികളും പൂർത്തിയാക്കുകയും ചെയ്തു.
അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസ് സംഘത്തിന്റെ ജാഗ്രതയും പ്രൊഫഷണൽ മികവും തെളിയിക്കുന്ന സംഭവമാണിതെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ യൂസിഫ് ഉബൈദ് ഹർമൂൽ അൽ ഷംസി പറഞ്ഞു. ജീവൻ രക്ഷിക്കലാണ് തങ്ങളുടെ പ്രധാന ദൗത്യമെന്നും ഫീൽഡ് ടീമുകളുടെ അതിവേഗ ഇടപെടലും മികച്ച ഏകോപനവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy