
ദുബായ്: പ്രവാസികളുടെ ദീർഘകാലത്തെ സ്വപ്നങ്ങൾക്ക് ചിറകേകി ദുബായ് ലാൻഡ് ഡിപ്പാർട്‌മെന്റിന്റെ ‘ഫസ്റ്റ് ഹോം ഓണർഷിപ്’ പദ്ധതി. ദുബായിൽ സ്വന്തമായി വീടില്ലാത്ത വിദേശികൾക്കായി ആവിഷ്കരിച്ച ഈ പദ്ധതിയിലൂടെ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികളാണ് ഇതിനകം സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്. ഗൾഫ് രാജ്യങ്ങളിൽ എത്ര കാലം ജോലി ചെയ്താലും വിദേശികൾ എന്നും വിദേശികൾ തന്നെയായിരിക്കും എന്ന ചിന്താഗതി തിരുത്തിക്കുറിക്കുന്നതാണ് ഈ പുതിയ ഭവന പദ്ധതി. പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ 3,200-ഓളം പ്രവാസികൾ ദുബായിൽ വീട് സ്വന്തമാക്കിക്കഴിഞ്ഞു. 500 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ഇതിനോടകം ഈ പദ്ധതി വഴി നടന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ പ്രഖ്യാപിച്ച പദ്ധതിയിൽ ഇതിനോടകം ഏകദേശം 45,000 പേരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ദുബായുടെ ‘ഡി 33’ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സ്വന്തമായി വീടുള്ളവരുടെ എണ്ണം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ദുബായ് ലാൻഡ് ഡിപ്പാർട്‌മെന്റിന്റെ വെബ്സൈറ്റ് വഴിയോ ‘ദുബായ് റെസ്റ്റ്’ മൊബൈൽ ആപ് വഴിയോ ആർക്കും ഇതിൽ റജിസ്റ്റർ ചെയ്യാം. 18 വയസ്സ് പൂർത്തിയായ, ദുബായിൽ ഫ്രീഹോൾഡ് റസിഡൻഷ്യൽ പ്രോപ്പർട്ടി ഇല്ലാത്ത ഏത് വിദേശിക്കും ഇതിൽ പങ്കാളികളാകാം. വീട് വാങ്ങുന്നതിനായി പ്രവാസികൾക്ക് വായ്പ സൗകര്യം ലഭ്യമാക്കാൻ അഞ്ച് പ്രമുഖ ബാങ്കുകളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 22 റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
നാട്ടിലെ സ്വത്തുക്കൾ വിറ്റും വായ്പകൾ വഴിയും വലിയൊരു വിഭാഗം പ്രവാസികൾ ഇതിനകം വാടകവീടുകളിൽ നിന്നുള്ള മോചനം നേടി സ്വന്തം വീട്ടിലേക്ക് താമസം മാറി. ദുബായിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള സർക്കാർ നീക്കത്തിന് വലിയ പിന്തുണയാണ് പ്രവാസികളിൽ നിന്ന് ലഭിക്കുന്നത്.