
ഷാർജ: അടിയന്തര ഘട്ടത്തിൽ നേരിട്ട് സഹായം തേടാൻ കഴിയാത്ത അവസ്ഥയിലായിരുന്ന പ്രവാസി വനിത, ‘പിസ്സ ഓർഡർ’ ചെയ്യുന്നതുപോലെ ഫോൺ വിളിച്ച് പൊലീസിനോട് സഹായം തേടി. യുവതിയുടെ ശബ്ദത്തിലെ പരിഭ്രാന്തിയും സംസാരരീതിയും തിരിച്ചറിഞ്ഞ ഷാർജ പൊലീസ് ഉദ്യോഗസ്ഥൻ, സമയോചിതമായ ഇടപെടലിലൂടെ യുവതിയെ ഭർത്താവിന്റെ ഭീഷണിയിൽ നിന്ന് രക്ഷിച്ചു. ഷാർജ റേഡിയോയുടെ ‘അമാൻ യാ ബിലാദി’ എന്ന പരിപാടിയിലാണ് ഷാർജ പൊലീസ് കമ്മ്യൂണിക്കേഷൻസ് ഓപ്പറേഷൻസ് ബ്രാഞ്ച് തലവൻ ക്യാപ്റ്റൻ മജീദ് അൽ ബാസ് ഈ സംഭവം പങ്കുവെച്ചത്.
പൊലീസ് കൺട്രോൾ റൂമിലേക്കാണ് യുവതിയുടെ കോൾ വന്നത്. ഫോൺ എടുത്ത ഉദ്യോഗസ്ഥൻ ഖമീസ്, ഇത് പൊലീസ് സ്റ്റേഷനാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും, യുവതി തനിക്ക് പിസ്സ ഓർഡർ ചെയ്യണം എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. യുവതിയുടെ ശബ്ദത്തിലെ ഭയവും സാഹചര്യത്തിന്റെ ഗൗരവവും മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ, അവർ വലിയൊരു അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് അക്രമിക്ക് സംശയം തോന്നാത്ത രീതിയിൽ, ഉദ്യോഗസ്ഥൻ യുവതിയോട് ചോദ്യങ്ങൾ ചോദിച്ചു. “എത്ര പിസ്സ വേണം?”, “എന്ത് പാനീയമാണ് വേണ്ടത്?” തുടങ്ങിയ ചോദ്യങ്ങൾക്ക്, “ഒരു പിസ്സയും രണ്ട് സോഫ്റ്റ് ഡ്രിങ്ക്സും” എന്ന് മറുപടി നൽകിയതിലൂടെ, വീട്ടിൽ തനിക്ക് പുറമെ അക്രമിയായ ഒരാൾ കൂടിയുണ്ടെന്ന സൂചന യുവതി നൽകി.
ഫോൺ ലൈനിൽ തന്നെ നിലനിർത്തിക്കൊണ്ട്, യുവതിയുടെ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് സംഘം മിനിറ്റുകൾക്കകം സ്ഥലത്തെത്തി ഭർത്താവിനെ കീഴ്പ്പെടുത്തി. ഇയാൾ അസ്വാഭാവികമായ മാനസികാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ ഇത്തരത്തിൽ രഹസ്യമായി സഹായം അഭ്യർത്ഥിക്കാൻ പൊലീസുദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 999 എന്ന നമ്പറിലും, അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്ക് 901 എന്ന നമ്പറിലും ഷാർജ പൊലീസിനെ ബന്ധപ്പെടാമെന്ന് അധികൃതർ ഓർമിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t