
മലയാളത്തിന്റെ പ്രിയ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 56 വയസ്സായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലായിരുന്നു സലിംകുമാർ അവസാനമായി പൊതുവേദിയിലെത്തിയത്. മിമിക്രിയിലൂടെയും ഹാസ്യവേദികളിലൂടെയും കലാരംഗത്തെത്തിയ അദ്ദേഹം 1990-കളുടെ മധ്യത്തിൽ സിനിമയിലെത്തിയെങ്കിലും 2000-കളോടെ മലയാളികളുടെ പ്രിയതാരമായി മാറി. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് ഗൗരവമേറിയ വേഷങ്ങളിലൂടെയും അഭിനയപ്രതിഭ തെളിയിച്ചു. അദ്ദേഹത്തിന്റെ നിരവധി ഡയലോഗുകൾ ഇന്നും ട്രോളുകളിലും സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്.
1969 ഒക്ടോബർ 9ന് വടക്കൻ പറവൂരിൽ ജനിച്ച സലിംകുമാർ കൊച്ചിൻ കലാഭവനിലും സാഗറിലും മിമിക്രി കലാകാരനായി ശ്രദ്ധ നേടി. അടുത്ത സുഹൃത്തായ നാദിർഷയുടെ പിന്തുണയോടെയാണ് സിനിമയിലേക്ക് പ്രവേശിച്ചത്. ‘ഇഷ്ടമാണ് നൂറുവട്ടം’ ആയിരുന്നു ആദ്യ ചിത്രം. 2000-ൽ പുറത്തിറങ്ങിയ ‘തെങ്കാശിപ്പട്ടണം’ വൻവിജയമായതോടെ മലയാള സിനിമയിൽ അദ്ദേഹം സ്ഥിര സാന്നിധ്യമായി. മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം ‘കംപാർട്മെന്റ്’, ‘കറുത്ത ജൂതൻ’, ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.
‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2005-ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം നേടി. ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ 2010-ൽ മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ അദ്ദേഹം, ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2013-ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും നേടി. കഴിഞ്ഞ ഏതാനും വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന അദ്ദേഹം, ലിവർ സിറോസിസ് മദ്യപാനം മൂലമല്ല, പാരമ്പര്യമായി ലഭിച്ച രോഗമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗകാലത്ത് വ്യാജ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നതും അതുവഴി ആരോഗ്യനില കൂടുതൽ വഷളായതും അദ്ദേഹം പൊതുവേദികളിൽ പങ്കുവെച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t