
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ച പ്രത്യേക ഫോറിൻ കറൻസി നോൺ-റെസിഡന്റ് (FCNR) നിക്ഷേപ പദ്ധതിക്ക് പ്രവാസികളിൽ നിന്ന് വൻ സ്വീകാര്യത. രൂപയുടെ മൂല്യത്തിന് മേലുള്ള സമ്മർദം കുറയ്ക്കാനും വിദേശ നാണയ ശേഖരം ശക്തിപ്പെടുത്താനുമായി ജൂൺ 8-ന് ആരംഭിച്ച പദ്ധതിയിലൂടെ ജൂലൈ 17 വരെ 17.41 ബില്യൺ ഡോളർ (ഏകദേശം 1.67 ലക്ഷം കോടി രൂപ) ഇന്ത്യൻ ബാങ്കുകളിലേക്ക് പ്രവാസി നിക്ഷേപമായി എത്തി. ആർബിഐയുടെ ഡോളർ സ്വാപ്പ് വിൻഡോ വഴി സമാഹരിച്ച ആകെ 20.72 ബില്യൺ ഡോളറിന്റെ (ഏകദേശം 1.99 ലക്ഷം കോടി രൂപ) വലിയൊരു പങ്കും പ്രവാസികളുടെ എഫ്‌സിഎൻആർ നിക്ഷേപങ്ങളാണ്. ഇതിനുപുറമെ, വിദേശ കറൻസി വായ്പകളിലൂടെ (Foreign Currency Borrowings) 1.97 ബില്യൺ ഡോളറും, എക്സ്റ്റേണൽ കൊമേഴ്‌സ്യൽ ബോറോയിംഗ്സ് (ECB) വഴി 1.34 ബില്യൺ ഡോളറും ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തി.
ഉയർന്ന പലിശനിരക്കിനൊപ്പം, വിനിമയ നിരക്കിലെ ചാഞ്ചാട്ടം മൂലമുള്ള ഹെഡ്ജിംഗ് ചെലവ് പൂർണമായും ആർബിഐ വഹിക്കുന്നതും പദ്ധതിയുടെ പ്രധാന ആകർഷണമായി. ഇതിലൂടെ പ്രവാസികൾക്ക് 14 ശതമാനം വരെ വരുമാനം ലഭിക്കാമെന്നാണ് വിലയിരുത്തൽ. പ്രത്യേക എഫ്‌സിഎൻആർ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30 വരെയാണ്. പ്രവാസി നിക്ഷേപങ്ങളെ ഏറെ ആശ്രയിക്കുന്ന കേരളം ആസ്ഥാനമായുള്ള ബാങ്കുകൾക്കും ഈ പദ്ധതി വലിയ നേട്ടമായി മാറിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് മാത്രം പദ്ധതിയിലൂടെ ഏകദേശം 50 മില്യൺ ഡോളർ (ഏകദേശം 480 കോടി രൂപ) എഫ്‌സിഎൻആർ നിക്ഷേപം സമാഹരിച്ചു.
അതേസമയം, തൃശൂർ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക്, കഴിഞ്ഞ 42 ദിവസത്തിനിടെ എഫ്‌സിഎൻആർ നിക്ഷേപത്തിൽ 23 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും ബാങ്ക് അധികൃതർ അറിയിച്ചു. പ്രവാസികളുടെ ശക്തമായ പങ്കാളിത്തം ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ വിദേശ നാണയ ലഭ്യത വർധിപ്പിക്കുന്നതിലും രൂപയ്ക്ക് കൂടുതൽ സ്ഥിരത കൈവരിക്കുന്നതിലും നിർണായകമായി സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.