“ആണവകേന്ദ്രം സുരക്ഷിതമല്ല!” ഇറാന് വീണ്ടും ട്രംപിന്റെ യുദ്ധഭീഷണി; ആ ബോംബ് വീണാൽ സമാധാനം തകരുമെന്ന് ആശങ്ക

ഇറാന്റെ അതീവ സുരക്ഷിതമായ ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ ഉടൻ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവായുധ ശേഷി തടയുന്നതിനായി അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

വെള്ളിയാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇറാനിലെ ഈ കേന്ദ്രത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ഇറാൻ വീണ്ടും ആണവ പ്രവർത്തനങ്ങൾ സജീവമാക്കുന്നതായി അമേരിക്കയ്ക്ക് ബോധ്യപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

നതാൻസിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമുള്ള പിക്കാക്സ് മൗണ്ടൻ ആഴത്തിൽ ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷിത കേന്ദ്രമാണെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ മാറ്റിസ്ഥാപിച്ചതായി അമേരിക്കയും ഇസ്രയേലും ആരോപിക്കുന്നുണ്ട്.

ഇറാന് ആണവായുധം സ്വന്തമാക്കാൻ കഴിയില്ലെന്നും അതാണ് അമേരിക്കയുടെ സൈനിക നടപടികളുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ആണവായുധ ശേഷി വികസിപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നതായി കണ്ടെത്തിയാൽ ആക്രമണം നടത്താൻ മടിക്കില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

ട്രംപിന്റെ പുതിയ മുന്നറിയിപ്പ് പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ അമേരിക്കൻ സൈന്യം ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ അമേരിക്കൻ കപ്പലുകൾക്കെതിരെ കൂടുതൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version