
യുഎഇയിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി ആരോപിച്ച് രണ്ട് മലയാളികൾക്കെതിരെ പാക്കിസ്ഥാൻ സ്വദേശി പരാതിയുമായി രംഗത്തെത്തി. യുഎഇയിലും കേരളത്തിലും നൽകിയ പരാതിയിൽ, 2.79 ലക്ഷം യുഎഇ ദിർഹം (ഏകദേശം 73 ലക്ഷം രൂപ) തിരികെ ലഭിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. പരാതിക്കാരനായ അല്ലാഹ് നൂർ അൽ ഐനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രതികളുമായി പരിചയപ്പെട്ടത്. വർഷങ്ങളായുള്ള സൗഹൃദത്തിനൊടുവിൽ ലാഭകരമായ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ ഘട്ടങ്ങളിലായി വലിയ തുക കൈപ്പറ്റിയെന്നാണ് പരാതി. എന്നാൽ, പണം വാങ്ങിയ ശേഷം വാഗ്ദാനം ചെയ്ത ബിസിനസ് ആരംഭിക്കുകയോ തുക തിരികെ നൽകുകയോ ചെയ്യാതെ പ്രതികൾ ബന്ധം വിച്ഛേദിച്ചെന്നാണ് ആരോപണം.
പണം തിരികെ ആവശ്യപ്പെട്ടിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് യുഎഇയിലെ ബന്ധപ്പെട്ട അധികാരികൾക്കും കേരള പൊലീസിനും പരാതി നൽകിയതായി പരാതിക്കാരൻ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തട്ടിയെടുത്ത തുക തിരിച്ചുകിട്ടാൻ നിയമനടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദവും ബിസിനസ് വാഗ്ദാനങ്ങളും ഉപയോഗപ്പെടുത്തി നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും, വലിയ തുകകൾ കൈമാറുന്നതിന് മുമ്പ് കരാറുകളും നിയമപരമായ രേഖകളും കൃത്യമായി ഉറപ്പാക്കണമെന്നും നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.