
ഷാർജ: ഈ വർഷത്തെ ബലിപെരുന്നാൾ പ്രമാണിച്ച് ഷാർജയിലെ പൊതു പാർക്കിംഗ് മേഖലകളിൽ ആദ്യത്തെ മൂന്ന് ദിവസത്തേക്ക് സൗജന്യ പാർക്കിംഗ് അനുവദിച്ചതായി ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സയീദ് അൽ തുനൈജി അറിയിച്ചു. സാധാരണയായി ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8:00 മുതൽ രാത്രി 10:00 വരെയാണ് ഷാർജയിൽ പെയ്ഡ് പാർക്കിംഗ് സംവിധാനമുള്ളത്.
എന്നിരുന്നാലും, ഈ സൗജന്യ ആനുകൂല്യം എല്ലാ മേഖലകൾക്കും ബാധകമല്ല. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പെയ്ഡ് പാർക്കിംഗ് നിലനിൽക്കുന്ന നീല നിറത്തിലുള്ള ബോർഡുകൾ സ്ഥാപിച്ച പ്രത്യേക സോണുകളിൽ പതിവുപോലെ ഫീസ് നൽകേണ്ടി വരും. അതോടൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സ്മാർട്ട് പാർക്കിംഗ് ഏരിയകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. ഈ മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ‘ഷാർജ ഡിജിറ്റൽ’ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി 24 മണിക്കൂറും നിശ്ചിത നിരക്കിൽ പണം നൽകേണ്ടതുണ്ട്.
പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് മുനിസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്. ഷാർജ കന്നുകാലി ചന്തയിലും കേന്ദ്ര കശാപ്പുശാലകളിലുമായി 35 മൃഗഡോക്ടർമാരെയും അസിസ്റ്റന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. കശാപ്പിന് മുൻപും ശേഷവും മൃഗങ്ങൾക്ക് രോഗങ്ങളില്ലെന്ന് ഉറപ്പാക്കാൻ ഇവർ രക്തസാമ്പിളുകൾ ഉൾപ്പെടെയുള്ള കർശന പരിശോധനകൾ നടത്തും. മൃഗങ്ങളെ പാർപ്പിക്കുന്ന കേന്ദ്രങ്ങളിലും ക്വാറന്റൈൻ സൗകര്യങ്ങളിലും സമഗ്രമായ അണുനശീകരണ പ്രവർത്തനങ്ങൾ ഇതിനകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷയുടെ ഭാഗമായി റെസ്റ്റോറന്റുകൾ, ബേക്കറികൾ, സ്വീറ്റ് ഷോപ്പുകൾ എന്നിവയിൽ പരിശോധന നടത്താൻ 61 ഇൻസ്പെക്ടർമാരെയും, പുരുഷന്മാരുടെ സലൂണുകളിലും സ്ത്രീകളുടെ ബ്യൂട്ടി പാർലറുകളിലും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 32 ഇൻസ്പെക്ടർമാരെയും ചുമതലപ്പെടുത്തി. അംഗീകൃത ഉൽപ്പന്നങ്ങളും ഉപകരണങ്ങളും മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന് ഇവർ ഉറപ്പുവരുത്തും.
വീടുകളിലും പൊതുസ്ഥലങ്ങളിലും വെച്ച് അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന ലൈസൻസില്ലാത്ത അലഞ്ഞുതിരിയുന്ന കശാപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ 239 ഇൻസ്പെക്ടർമാരെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഔദ്യോഗിക അറവുശാലകൾക്ക് പുറത്ത് നടക്കുന്ന ഇത്തരം കശാപ്പുകൾ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകാത്തതിനാൽ അത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അൽ തുനൈജി മുന്നറിയിപ്പ് നൽകി. ഇത്തരം കശാപ്പുകാർക്ക് ഇസ്ലാമികമായ അറവ് നിയമങ്ങളെക്കുറിച്ചോ രോഗങ്ങളെക്കുറിച്ചോ കൃത്യമായ ധാരണയുണ്ടാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പെരുന്നാൾ അവധി ആഘോഷിക്കാൻ ആളുകൾ എത്തുന്ന ബീച്ചുകളിലും പാർക്കുകളിലും സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ലൈഫ് ഗാർഡുമാരെയും ഇൻസ്പെക്ടർമാരെയും വിന്യസിക്കും. നഗരത്തിലെ എല്ലാ ഈദ് ഗാഹുകളും പെരുന്നാൾ നിസ്കാരത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നിലം നിരപ്പാക്കൽ, പാർക്കിംഗ് സൗകര്യം ഒരുക്കൽ, ശുചീകരണം, കീടനിയന്ത്രണം എന്നിവയെല്ലാം പൂർത്തിയായി കഴിഞ്ഞു. പൊതുജനങ്ങൾ നഗരസഭയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, നിയമലംഘനങ്ങളോ പരാതികളോ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 993 എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t