മോഡലിങ് മോഹങ്ങളുമായി എത്തുന്നവർ ഇരകൾ, മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കും, ഫോട്ടോ അയച്ച് ‘ഡീൽ’ ഉറപ്പിക്കും ; ദുബായ് കേന്ദ്രീകരിച്ച് സിന്ധുവും സംഘവും നടത്തിയ അന്താരാഷ്ട്ര പെൺവാണിഭത്തിന്റെ ഞെട്ടിക്കുന്ന കഥ!

കൊച്ചി: മോഡലിങ് രംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന പുതുമുഖ പെൺകുട്ടികളെ ലക്ഷ്യമിട്ട് കൊച്ചി കേന്ദ്രീകരിച്ച് നടന്ന വൻ പെൺവാണിഭ സംഘത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിദേശത്ത് വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ദുബായിൽ എത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അന്താരാഷ്ട്ര റാക്കറ്റിലെ പ്രധാന കണ്ണിയായ പൊന്നാനി സ്വദേശി മഞ്ജിമ (25) കൂടി ഇപ്പോൾ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കേസിലെ മുഖ്യ സൂത്രധാരയും ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുകയും ചെയ്യുന്ന പെരുമ്പാവൂർ സ്വദേശിനി സിന്ധു (56), തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം (27) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടികളെ വലയിലാക്കാൻ ഈ മാഫിയ സംഘം വളരെ ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിയിരുന്നത്. മികച്ച ശമ്പളമുള്ള ജോലി, ആഡംബര ഹോട്ടലുകളിലെ താമസം, ദുബായിൽ വീഡിയോ ഷൂട്ട്, വിനോദയാത്രകൾ എന്നിവ വാഗ്ദാനം ചെയ്താണ് കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ഇവർ ആകർഷിച്ചിരുന്നത്. പിടിയിലായ അലീനയും മഞ്ജിമയുമായിരുന്നു സിന്ധുവിന് വേണ്ടി പെൺകുട്ടികളെ കണ്ടെത്താൻ വലവിരിച്ചിരുന്ന പ്രധാന ഏജന്റുമാർ. ജോലി വാഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും പ്രതികൾ വാങ്ങിയിരുന്നു. തുടർന്ന് 57 ദിവസത്തെ വിസിറ്റിങ് വിസയിലാണ് ഇവർ യുവതികളെ ദുബായിലേക്ക് കൊണ്ടുപോയിരുന്നത്.

ദുബായിൽ എത്തുന്നതോടെ പെൺകുട്ടികളുടെ ജീവിതം നരകതുല്യമായി മാറും. വിദേശത്തെത്തിക്കുന്ന യുവതികളെ ആദ്യം അതീവ രഹസ്യകേന്ദ്രങ്ങളിൽ തടങ്കലിലാക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ബലമായി മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കും. ഈ സമയത്ത് പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ആവശ്യക്കാർക്ക് അയച്ചുകൊടുത്ത് വലിയ തുകയ്ക്ക് ‘ഡീൽ’ ഉറപ്പിക്കും. ഇതോടൊപ്പം യുവതികളുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി, ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് ഇവരെ നിരന്തരം അനാശാസ്യത്തിന് നിർബന്ധിച്ചിരുന്നത്.

ചതിക്കപ്പെട്ട രണ്ട് യുവതികൾ ധൈര്യപൂർവ്വം പോലീസിനെ സമീപിച്ചതോടെയാണ് ഈ അന്താരാഷ്ട്ര മാഫിയയുടെ ചുരുളഴിയുന്നത്. നഗ്നചിത്രങ്ങൾ പുറത്താകുമെന്ന ഭയം കാരണം ചതിക്കപ്പെട്ട പല പെൺകുട്ടികളും ഇപ്പോഴും പരാതി നൽകാൻ മടിച്ച് നിൽക്കുകയാണെന്ന് പോലീസ് പറയുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ അലീന എബ്രഹാം കൊച്ചിയിലെ കുപ്രസിദ്ധ ക്രിമിനലാണെന്നും, കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ പ്രമുഖ ബാറിൽ നടന്ന വലിയ സംഘർഷ കേസിലും ഇവർ പ്രതിയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy