
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണ നാണയങ്ങളും ഗോൾഡ് ബിസ്ക്കറ്റുകളും കൊണ്ടുപോകാൻ പ്രവാസി ഇന്ത്യക്കാർക്കും മറ്റ് യാത്രക്കാർക്കും അനുമതിയുണ്ടെന്ന് ജ്വല്ലറി മേഖലയിലെ പ്രമുഖർ വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ കസ്റ്റംസ് ചട്ടങ്ങൾ കൃത്യമായി പാലിക്കുകയും ബാധകമായ നികുതി അടയ്ക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് അവർ ഓർമ്മിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമനും കാൻസ് ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ അനിൽ ധനക്കും വ്യക്തമാക്കുന്നതനുസരിച്ച്, സ്വർണ്ണ നാണയങ്ങളും ബിസ്ക്കറ്റുകളും നികുതിയില്ലാത്ത ആഭരണ ആനുകൂല്യത്തിന്റെ പരിധിയിൽപ്പെടില്ല. അതിനാൽ ഇന്ത്യയിലെത്തുമ്പോൾ ഇവ കസ്റ്റംസിൽ നിർബന്ധമായും ഡിക്ലയർ ചെയ്യുകയും ബന്ധപ്പെട്ട തീരുവ അടയ്ക്കുകയും വേണം.
ദുബായിലും ഇന്ത്യയിലും സ്വർണ്ണവിലയിൽ നിലനിൽക്കുന്ന വലിയ വ്യത്യാസമാണ് ആളുകളെ യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങാൻ പ്രേരിപ്പിക്കുന്നത്. തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം ദുബായിൽ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 547.25 ദിർഹമായിരുന്നപ്പോൾ ഇന്ത്യയിൽ അതേ അളവിന് ഏകദേശം 15,600 രൂപ, അതായത് 595 ദിർഹത്തിന് സമീപമായിരുന്നു വില. 2026 ലെ ഇന്ത്യൻ കസ്റ്റംസ് ബാഗേജ് ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ച പുരുഷ യാത്രക്കാർക്ക് 50,000 രൂപ മൂല്യപരിധിയിൽ 20 ഗ്രാം വരെയും സ്ത്രീ യാത്രക്കാർക്ക് 1 ലക്ഷം രൂപ മൂല്യപരിധിയിൽ 40 ഗ്രാം വരെയും സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. ഇതിൽ കൂടുതലുള്ള അളവിന് കസ്റ്റംസ് തീരുവ ബാധകമാകും.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2026 ആദ്യ പാദ റിപ്പോർട്ട് പ്രകാരം യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്കും ബിസ്ക്കറ്റുകൾക്കും ആവശ്യക്കാർ വൻ തോതിൽ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ആദ്യ പാദത്തിൽ 3.1 ടണ്ണായിരുന്ന ഡിമാൻഡ് ഈ വർഷം 4 ടണ്ണായി ഉയർന്നു. സ്വർണ്ണവില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ താമസക്കാരും വിനോദസഞ്ചാരികളും വലിയ തോതിൽ സ്വർണ്ണം വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയിൽ ആഭരണങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതും ശ്രദ്ധേയമാണ്. ആഭരണങ്ങൾക്ക് നൽകേണ്ട പണിക്കൂലി ഒഴിവാക്കാനാകുന്നതിനാൽ പലരും ഇപ്പോൾ സ്വർണ്ണ നാണയങ്ങളിലേക്കും ബിസ്ക്കറ്റുകളിലേക്കും തിരിയുന്നതായും വിപണി വിദഗ്ധർ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t