
യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ പുതിയ കർശന നിയമം പ്രാബല്യത്തിൽ വരുന്നു. 2026 ജൂൺ 1 മുതൽ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഓരോ മാസത്തെയും ശമ്പളം അതത് ഗ്രിഗോറിയൻ മാസത്തിന്റെ ആദ്യ ദിവസം തന്നെ വിതരണം ചെയ്യണമെന്ന് മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. ഈ തീയതിക്ക് ശേഷമുള്ള പേയ്മെന്റുകൾ വൈകിയ ശമ്പളമായി കണക്കാക്കും. വേതന സംരക്ഷണ സംവിധാനം (WPS) കൂടുതൽ ശക്തമാക്കുന്നതിനായാണ് പുതിയ ചട്ടം നടപ്പാക്കുന്നത്. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപനങ്ങളും അംഗീകൃത WPS സംവിധാനത്തിലൂടെയോ മന്ത്രാലയം അംഗീകരിച്ച മറ്റ് പേയ്മെന്റ് മാർഗങ്ങളിലൂടെയോ ജീവനക്കാരുടെ ശമ്പളം കൈമാറണം. ശമ്പളം നൽകിയതിന്റെ രേഖകളും അനുബന്ധ വിവരങ്ങളും മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതുമുണ്ട്. പുതിയ നിയമപ്രകാരം ഒരു സ്ഥാപനം നിയമാനുസൃതമായി പ്രവർത്തിക്കുന്നതായി കണക്കാക്കാൻ ആകെ വേതനത്തിന്റെ കുറഞ്ഞത് 85 ശതമാനം എങ്കിലും സമയപരിധിക്കകം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിച്ചിരിക്കണം. നിയമാനുസൃതമായ കുറവുകൾ ഒഴികെ 85 ശതമാനം ശമ്പളം ലഭിച്ചാൽ തൊഴിലാളിക്ക് ശമ്പളം ലഭിച്ചതായി പരിഗണിക്കുമെന്നും വ്യവസ്ഥയിൽ വ്യക്തമാക്കുന്നു.
ശമ്പള വിതരണം വൈകിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പുതിയ വർക്ക് പെർമിറ്റുകൾക്ക് വിലക്ക്, പിഴ, ഇലക്ട്രോണിക് നിരീക്ഷണം, യാത്രാവിലക്ക്, സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ നിയമലംഘക കമ്പനികൾക്ക് നേരിടേണ്ടിവരും. ശമ്പളം സമയത്ത് നൽകിയിട്ടില്ലെങ്കിൽ മന്ത്രാലയം സ്വമേധയാ മുന്നറിയിപ്പുകളും നോട്ടീസുകളും അയയ്ക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം ചില വിഭാഗങ്ങൾക്കു WPS നിയമത്തിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. വേതനവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ ഉള്ളവർ, അബ്സ്കോണ്ടിങ് റിപ്പോർട്ട് രജിസ്റ്റർ ചെയ്ത തൊഴിലാളികൾ, ശമ്പളമില്ലാത്ത അവധിയിലുള്ളവർ, ചില സമുദ്ര തൊഴിലാളികൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയെ പ്രത്യേക വിഭാഗങ്ങളായി പരിഗണിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t