
ആഗോള ഭരണ മികവിന്റെ രംഗത്ത് യുഎഇ വീണ്ടും ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. ചാൻഡലർ ഗുഡ് ഗവൺമെന്റ് ഇൻഡക്സ് 2026 പ്രകാരം ലോകത്തിലെ മികച്ച 10 ഭരണ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഇടംപിടിച്ചു. നവീകരണം, ഭരണ കാര്യക്ഷമത, ദീർഘകാല വികസന ദർശനം എന്നിവയിൽ കൈവരിച്ച മുന്നേറ്റങ്ങളാണ് രാജ്യത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘വി ദി യുഎഇ 2031’ വികസന പദ്ധതിയുടെ ഭാഗമായി സാമ്പത്തിക വളർച്ച, ജീവിത നിലവാരം, ഭരണ കാര്യക്ഷമത, മനുഷ്യവിഭവ വികസനം തുടങ്ങിയ മേഖലകളിൽ യുഎഇ നടപ്പാക്കിയ നയങ്ങൾ മികച്ച ഫലമാണ് നൽകുന്നതെന്ന് സൂചിക ചൂണ്ടിക്കാട്ടുന്നു. 133 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ മിഡിൽ ഈസ്റ്റിലും അറബ് ലോകത്തും മികച്ച ഭരണ സംവിധാനമുള്ള രാജ്യമെന്ന നിലയും യുഎഇ നിലനിർത്തി.
ഗവൺമെന്റ് ഇന്നൊവേഷൻ, തന്ത്രപരമായ ആസൂത്രണം, പദ്ധതികൾ നടപ്പാക്കുന്നതിലെ വേഗത, ബജറ്റ് മിച്ചം തുടങ്ങിയ മേഖലകളിൽ യുഎഇ ആഗോള തലത്തിൽ ഒന്നാം സ്ഥാനം നേടി. സർക്കാർ സേവനങ്ങളിലെ ജനപിന്തുണ, തൊഴിൽ അവസര സൃഷ്ടി, ഭരണപരമായ വഴക്കം എന്നിവയിൽ രാജ്യം രണ്ടാം സ്ഥാനത്തുമെത്തി. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും നേതൃത്വമാണ് യുഎഇയുടെ ഭരണരംഗത്തെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ശക്തിയെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി വ്യക്തമാക്കി. നിലവിലെ വെല്ലുവിളികളെ വികസനത്തിനുള്ള അവസരങ്ങളാക്കി മാറ്റുന്ന ഭരണ മാതൃകയാണ് യുഎഇ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t