
പ്രവാസികൾക്ക് കുടുംബസമേതം സുരക്ഷിതമായും സമാധാനപരമായും ജീവിക്കാനും തൊഴിൽ തേടാനുമുള്ള ലോകത്തിലെ ഏറ്റവും ആകർഷക നഗരങ്ങളിലൊന്നായി ദുബായ് മാറുകയാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യാന്തര കുടുംബ ദിനത്തോടനുബന്ധിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) പുറത്തുവിട്ട റിപ്പോർട്ടിലാണ് കുടുംബ ഗോൾഡൻ വീസകളിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, ശാസ്ത്രജ്ഞർ, സംരംഭകർ, മികവുറ്റ വിദ്യാർത്ഥികൾ എന്നിവരുടെ കുടുംബങ്ങൾക്ക് വൻതോതിൽ റസിഡൻസി വീസകൾ അനുവദിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദഗ്ധരുടെ കുടുംബങ്ങൾക്ക് മാത്രം 1,67,124 വീസകൾ അനുവദിച്ചു. റിയൽ എസ്റ്റേറ്റ് നിക്ഷേപകരുടെ കുടുംബങ്ങൾക്കായി 1,00,286 വീസകളും ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും കുടുംബങ്ങൾക്കായി 70,247 വീസകളും നൽകിയിട്ടുണ്ട്.
ഇതിന് പുറമെ സാധാരണ നിക്ഷേപകരുടെയും വിരമിച്ചവരുടെയും ആയിരക്കണക്കിന് കുടുംബങ്ങളും ദുബായിൽ സ്ഥിരതാമസമാക്കിയതായി അധികൃതർ അറിയിച്ചു.
കുടുംബങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനായി നിർമിത ബുദ്ധി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സേവനങ്ങളും ജിഡിആർഎഫ്എ വിപുലീകരിച്ചിട്ടുണ്ട്. സന്ദർശക വീസ, ഫാമിലി റെസിഡൻസി വീസ, പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ അതിവേഗവും ലളിതവുമായ രീതിയിൽ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘ദുബായ് സോഷ്യൽ അജണ്ട 33’, ‘ദുബായ് ഇക്കണോമിക് അജണ്ട ഡി33’ എന്നീ പദ്ധതികളുടെ ഭാഗമായാണ് കുടുംബക്ഷേമത്തിന് മുൻഗണന നൽകുന്ന പുതിയ നടപടികൾ നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കുടുംബമാണ് രാജ്യത്തിന്റെ അടിത്തറ എന്ന കാഴ്ചപ്പാടിലാണ് ദുബായ് മുന്നോട്ടുപോകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യക്തികളെയും കുടുംബങ്ങളെയും വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി ആഗോള മാതൃക സൃഷ്ടിക്കുകയാണ് ദുബായുടെ ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. കുടുംബ വീസകളിലെ വർധനവ്, ജീവിക്കാനും സ്ഥിരതാമസമാക്കാനുമുള്ള മികച്ച നഗരമായി ദുബായിലുള്ള അന്താരാഷ്ട്ര വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യർക്കു മുൻഗണന നൽകുന്ന കൂടുതൽ സേവനങ്ങൾ ഭാവിയിലും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t