യാത്രക്കാർക്ക് മുന്നറിയിപ്പ്! ചില അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് ഈ എയർലൈൻ 

ആഗോള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലെ കുത്തനെ വർധനവും പശ്ചാത്തലമാക്കി ജൂൺ മുതൽ ഓഗസ്റ്റ് വരെ നിരവധി അന്താരാഷ്ട്ര സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറയ്ക്കുകയും ചില റൂട്ടുകൾ സസ്‌പെൻഡ് ചെയ്യുകയും ചെയ്യുന്നതായി എയർ ഇന്ത്യ അറിയിച്ചു. സർവീസുകളുടെ സമയകൃത്യത നിലനിർത്തുകയും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്യുന്നതിനായാണ് ഈ പുനഃക്രമീകരണമെന്ന് എയർലൈൻ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഉണ്ടായാലും അഞ്ച് ഭൂഖണ്ഡങ്ങളിലായി പ്രതിമാസം 1,200-ത്തിലധികം അന്താരാഷ്ട്ര സർവീസുകൾ തുടരുമെന്നും കമ്പനി അറിയിച്ചു.

വടക്കേ അമേരിക്കൻ റൂട്ടുകളിൽ ഡൽഹി–ചിക്കാഗോ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. ഡൽഹി–സാൻ ഫ്രാൻസിസ്കോ സർവീസുകൾ ആഴ്ചയിൽ 10ൽ നിന്ന് 7 ആയി കുറച്ചു. ഡൽഹി–ടൊറന്റോ റൂട്ടിൽ ജൂലൈ വരെ ആഴ്ചയിൽ അഞ്ച് സർവീസുകൾ മാത്രമുണ്ടാകും. ഓഗസ്റ്റിൽ വീണ്ടും പ്രതിദിന സർവീസ് പുനരാരംഭിക്കും. ഡൽഹി–വാൻകൂവർ സർവീസുകളും ആഴ്ചയിൽ ഏഴിൽ നിന്ന് അഞ്ചായി ചുരുക്കി. അതേസമയം മുംബൈ–നെവാർക്ക് റൂട്ടിൽ സർവീസുകൾ വർധിപ്പിച്ച് പ്രതിദിനമാക്കി. എന്നാൽ ഡൽഹി–നെവാർക്കും മുംബൈ–ന്യൂയോർക്ക് (JFK) റൂട്ടുകളും താൽക്കാലികമായി നിർത്തിവെച്ചു. ഡൽഹി–ന്യൂയോർക്ക് JFK സർവീസ് പതിവുപോലെ തുടരും.

യൂറോപ്യൻ റൂട്ടുകളിലും വലിയ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാരീസ്, കോപ്പൻഹേഗൻ, മിലാൻ, വിയന്ന, സൂറിച്ച്, റോം തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കുറച്ചു. ഡൽഹി–പാരീസ് സർവീസ് ആഴ്ചയിൽ 14ൽ നിന്ന് 7 ആയി ചുരുക്കി. ഓസ്‌ട്രേലിയൻ റൂട്ടുകളിൽ ഡൽഹി–മെൽബൺ, ഡൽഹി–സിഡ്നി സർവീസുകൾ പ്രതിദിന സർവീസുകളിൽ നിന്ന് ആഴ്ചയിൽ നാല് സർവീസുകളാക്കി കുറച്ചു.

ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, സാർക്ക് മേഖലകളിൽ ഡൽഹി–ഷാങ്ഹായ്, ചെന്നൈ–സിംഗപ്പൂർ സർവീസുകൾ ഓഗസ്റ്റ് വരെ പൂർണമായും നിർത്തിവെച്ചു. സിംഗപ്പൂർ, ബാങ്കോക്ക്, ക്വാലാലംപൂർ, കാഠ്മണ്ഡു, ധാക്ക, കൊളംബോ, ഹനോയ്, ഹോ ചി മിൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെയും എണ്ണം കുറച്ചിട്ടുണ്ട്. റദ്ദാക്കിയ സർവീസുകളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് സാധ്യമായിടത്ത് മറ്റ് വിമാനങ്ങളിൽ സീറ്റ് സൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കൂടാതെ ടിക്കറ്റ് നിബന്ധനകൾക്ക് വിധേയമായി സൗജന്യ തീയതി മാറ്റമോ പൂർണ റീഫണ്ടോ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy