
ലോകം നഴ്സസ് ദിനം ആഘോഷിക്കുമ്പോൾ അബുദാബിയിലെ ആരോഗ്യമേഖലയിൽ സ്നേഹത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രകാശമായി മാറുകയാണ് ബെൻസി ജോസഫ്. ഇരുപത് വർഷത്തിലേറെയായി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ (SKMC) രോഗികൾക്ക് സാന്ത്വനമേകുന്ന ബെൻസിക്ക് ഈ തൊഴിൽ വെറുമൊരു ജോലിയല്ല, മറിച്ച് ഒരു ദൈവവിളിയാണ്.
ആലപ്പുഴ ചമ്പക്കുളത്തെ കായൽക്കാറ്റേറ്റു വളർന്ന ബെൻസിയുടെ പ്രയാണം ബെംഗളൂരുവിലെ മല്യ ഹോസ്പിറ്റലിൽ നിന്നാണ് ആരംഭിച്ചത്. പിന്നീട് സത്യസായി ഇൻസ്റ്റിറ്റ്യൂട്ടിലും സൗദിയിലെ ആംഡ് ഫോഴ്സസ് ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ച ശേഷമാണ് 2006-ൽ അവർ അബുദാബിയിലെത്തുന്നത്. എസ്.കെ.എം.സിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ റജിസ്റ്റേഡ് നഴ്സായി തുടങ്ങിയ ബെൻസി തന്റെ കഠിനാധ്വാനം കൊണ്ട് ഇന്ന് ചാർജ് നഴ്സ് എന്ന ഉത്തരവാദിത്തപ്പെട്ട പദവിയിൽ എത്തിനിൽക്കുന്നു.
മരുന്നുകളേക്കാൾ വേഗത്തിൽ രോഗിയെ സുഖപ്പെടുത്താൻ സ്നേഹമുള്ള ഒരു ഹൃദയത്തിന് കഴിയുമെന്ന് ബെൻസി ഉറച്ചു വിശ്വസിക്കുന്നു. രോഗിയുടെ സാമൂഹിക പശ്ചാത്തലമോ അവസ്ഥയോ നോക്കാതെ സ്വന്തം കുടുംബാംഗത്തെപ്പോലെ അവരെ കരുതലോടെ പരിചരിക്കുക എന്നതാണ് ഒരു നഴ്സിന്റെ യഥാർഥ വിജയമെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു.
നാല് മക്കളുടെ അമ്മയായ ബെൻസി ജോലിയും കുടുംബവും ഒരുപോലെ മനോഹരമായി കൊണ്ടുപോകുന്നതിൽ എല്ലാവർക്കും ഒരു മാതൃകയാണ്. അബുദാബിയിൽ ഉദ്യോഗസ്ഥനായ പെൽവിൻ ഗോമസാണ് ബെൻസിയുടെ ഭർത്താവ്. ഇവരുടെ മൂത്ത മകൻ മവ്റിക്ക് മണിപ്പാലിൽ സി.വി.ടി വിദ്യാർഥിയാണ്. മെൽറോൺ, ബ്രീയന്ന, മാരിയോൺ എന്നീ മൂന്ന് മക്കൾ അബുദാബി ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു.
ഇരുപത് വർഷത്തെ നിസ്തുല സേവനത്തിന് കഴിഞ്ഞ മെയ് 10-ന് അബുദാബി മലയാളി നഴ്സസ് കമ്മ്യൂണിറ്റി ബെൻസിയെ ആദരിച്ചിരുന്നു. പ്രമുഖ ആരോഗ്യവിദഗ്ധൻ ഡോ. ഡാനിഷ് സലീമിൽ നിന്ന് ഏറ്റുവാങ്ങിയ ആ പുരസ്കാരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് അവർ കാണുന്നത്.
സാങ്കേതിക വിദ്യകൾ എത്രത്തോളം മാറിയാലും രോഗിയോടുള്ള പെരുമാറ്റത്തിലും സ്നേഹത്തിലും മാറ്റം വരരുത് എന്നാണ് പുതുതലമുറ നഴ്സുമാരോട് ബെൻസിക്ക് പറയാനുള്ളത്. സഹിഷ്ണുതയോടെയും സത്യസന്ധതയോടെയും പ്രവർത്തിക്കുക എന്നതിലാണ് കാര്യം. മരുഭൂമിയിലെ പൊള്ളുന്ന വെയിലിലും കരുണയുടെ തണൽമരമായി ബെൻസി ജോസഫ് തന്റെ സേവനവഴിയിൽ ഇന്നും കർമ്മനിരതയായി തുടരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t