Dubai Police; ദുബായിലെ ജെബൽ അലി റോഡിലുണ്ടായ വലിയൊരു വാഹനാപകടത്തിൽ 25 പേർക്ക് പരിക്കേറ്റതിനെത്തുടർന്ന്, റോഡിലെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ദുബായ് പോലീസ് ഡ്രൈവർമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. സാങ്കേതിക തകരാർ മൂലം ഒരു ബസ് റോഡിന് നടുവിൽ പെട്ടെന്ന് നിന്നുപോയതാണ് അപകടത്തിന് കാരണമായത്. മൂന്ന് ബസ്സുകളും ഒരു ചെറിയ വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ പുറകിൽ നിന്ന് വന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അപ്രതീക്ഷിതമായി റോഡിൽ നിന്ന ബസ് കണ്ട് വാഹനം നിയന്ത്രിക്കാൻ സമയം ലഭിക്കാതെ വന്നതോടെ ഒന്നൊന്നായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ 25 പേരെയും ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ പരിക്ക് ഗൗരവകരമാണ്, മറ്റുള്ളവർക്ക് മിതമായ രീതിയിലുള്ള പരിക്കുകളാണുള്ളത്. അപകടത്തെത്തുടർന്ന് ട്രാഫിക് പട്രോളിംഗ് വിഭാഗം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തകരാറിലായ വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ട്രാഫിക് വകുപ്പ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഈസാം ഇബ്രാഹിം അൽ അവാർ അപകടസ്ഥലത്തെ നടപടികൾക്ക് നേതൃത്വം നൽകി. ടയർ പഞ്ചറാവുക, ഇന്ധനം തീരുക, അല്ലെങ്കിൽ മറ്റു സാങ്കേതിക തകരാറുകൾ എന്നിവ കാരണം റോഡിന് നടുവിൽ വാഹനം നിർത്തുന്നത് അതീവ അപകടകരമാണെന്നും ഹൈവേകളിൽ ഇത്തരം പ്രവർത്തികൾ മാരകമായ അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ ട്രാഫിക് നിയമപ്രകാരം റോഡിന് നടുവിൽ വാഹനം നിർത്തുന്നത് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിന് 500 ദിർഹം അധിക പിഴയും ഈടാക്കും. യാത്രയ്ക്കിടയിൽ വാഹനം തകരാറിലായാൽ ഉടൻ ഹസാർഡ് ലൈറ്റുകൾ തെളിക്കണമെന്നും യാത്രക്കാരെ ഉടൻ തന്നെ വാഹനത്തിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും പോലീസ് നിർദ്ദേശിച്ചു. സാധ്യമെങ്കിൽ റോഡിൽ നിശ്ചിത അകലത്തിൽ മുന്നറിയിപ്പ് ചിഹ്നങ്ങൾ സ്ഥാപിക്കുകയും വാഹനത്തിൽ നിന്ന് മാറി നിന്ന് സഹായത്തിനായി പോലീസിനെ വിവരമറിയിക്കുകയും വേണം. യാത്രയ്ക്ക് മുൻപ് വാഹനത്തിന്റെ ക്ഷമത കൃത്യമായി പരിശോധിച്ചു ഉറപ്പാക്കുകയാണ് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ആദ്യം ചെയ്യേണ്ടതെന്നും ദുബായ് പോലീസ് വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
