റോഡിൽ സ്റ്റണ്ട് വേണ്ട; യുഎഇയിൽ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ പിടിയിൽ; വൻതുക പിഴ

ജനവാസ മേഖലയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തിയ ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. താമസക്കാരുടെ പരാതിയും സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയായിരുന്നു നടപടി. മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലുള്ള ഡ്രൈവിങ് ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്നും ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. അറസ്റ്റിലായ ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി. കൂടാതെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തു. വാഹനം തിരികെ ലഭിക്കാൻ 15,000 ദിർഹം വരെ ഫീസ് അടയ്ക്കേണ്ടിവരും.

വാഹനത്തിന്റെ എൻജിനിലോ ചേസിസിലോ അനധികൃത രൂപമാറ്റം വരുത്തിയതിനും അധിക നടപടി സ്വീകരിച്ചു. ഇതിന് 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഈ കുറ്റത്തിന് വാഹനത്തെ 90 ദിവസത്തേക്ക് കണ്ടുകെട്ടാനുമുള്ള വ്യവസ്ഥയുണ്ട്.

അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും, അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ 901 എന്ന നമ്പറിലും വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താൻ സഹായിച്ച പ്രദേശവാസികളെ അധികൃതർ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version