
ഫോണിലൂടെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയും മാനസിക പീഡനം ഉണ്ടാക്കിയെന്നും കണ്ടെത്തിയ കേസിൽ യുവാവിന് 60,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. നേരത്തെ ക്രിമിനൽ കോടതി ഇടക്കാല നഷ്ടപരിഹാരമായി വിധിച്ച 51,000 ദിർഹത്തിന് പുറമേ, സിവിൽ കോടതി കൂടി 9,000 ദിർഹം നൽകാനാണ് നിർദേശിച്ചത്. ഇതോടെ ആകെ നഷ്ടപരിഹാര തുക 60,000 ദിർഹമായി ഉയർന്നു. പ്രതി ഉദ്ദേശപൂർവ്വം ഫോൺ കോളുകൾ വഴി ശല്യം ചെയ്തതിനെ തുടർന്ന് തനിക്ക് ഗുരുതരമായ മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നതായി പരാതിക്കാരൻ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 100,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിവിൽ കേസ് ഫയൽ ചെയ്തത്.
ഇതിന് മുമ്പ് നടന്ന ക്രിമിനൽ വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ സിവിൽ കോടതിയിലെ വാദത്തിനിടെ, നഷ്ടപരിഹാരത്തിനുള്ള പൂർണ്ണ സിവിൽ ബാധ്യത തെളിയിക്കപ്പെട്ടിട്ടില്ലെന്നും ക്രിമിനൽ കോടതി വഴി ഇതിനകം നഷ്ടപരിഹാരം നൽകിയതിനാൽ വീണ്ടും തുക അനുവദിക്കേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഒരു കുറ്റകൃത്യത്തിൽ പ്രതിയുടെ ഉത്തരവാദിത്വം ക്രിമിനൽ കോടതി സ്ഥിരീകരിച്ചാൽ, അതിന് സിവിൽ കേസുകളിലും ശക്തമായ നിയമപ്രാധാന്യമുണ്ടെന്ന് സിവിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രവൃത്തികൾ പരാതിക്കാരന് മാനസിക ആഘാതവും വൈകാരിക ദുരിതവും ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു.ഈ സാഹചര്യത്തിൽ 60,000 ദിർഹം യുക്തിസഹമായ നഷ്ടപരിഹാരമാണെന്ന് വിലയിരുത്തിയ കോടതി, ഇതിനകം നൽകിയ 51,000 ദിർഹത്തിന് പുറമെ ബാക്കി 9,000 ദിർഹവും കോടതി ചെലവുകളും മറ്റ് നിയമച്ചെലവുകളും പ്രതി അടയ്ക്കണമെന്ന് ഉത്തരവിട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t