ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: യുഎഇ ലക്ഷ്യമാക്കി ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; ശക്തമായ മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ

ഹോർമുസ് കടലിടുക്കിലും യുഎഇ തീരങ്ങളിലും ഇറാൻ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നു. മെയ് 4-ന് യുഎഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട 12 ബാലസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും യുഎഇ പ്രതിരോധ സേന വിജയകരമായി തകർത്തു. എന്നാൽ ഫുജൈറ ഓയിൽ ഇൻഡസ്ട്രീസ് സോണിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും മേഖലയിൽ വൻ തീപിടുത്തം ഉണ്ടാവുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന അഡ്‌നോക്കിന്റെ ഉടമസ്ഥതയിലുള്ള ടാങ്കർ കപ്പലിന് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ.

മേഖലയിലെ സുരക്ഷയ്ക്ക് ഇറാൻ വലിയ ഭീഷണിയാണെന്നും അവരാണ് യഥാർത്ഥ അക്രമി കക്ഷിയെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പ്രസ്താവിച്ചു. യുഎസ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെ ഭൗമഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാക്കുമെന്ന് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. അതേസമയം ട്രംപിന്റെ ‘പ്രോജക്റ്റ് ഫ്രീഡം’ പദ്ധതിയേ ‘പ്രോജക്റ്റ് ഡെഡ്‌ലോക്ക്’ എന്ന് വിശേഷിപ്പിച്ച ഇറാൻ വിദേശകാര്യ മന്ത്രി, പ്രശ്നങ്ങൾക്ക് സൈനികമായ പരിഹാരമില്ലെന്നും കൂട്ടിച്ചേർത്തു.

ഫുജൈറയിലുണ്ടായ ആക്രമണത്തെ ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ശക്തമായി അപലപിച്ചു. യുഎഇയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും എല്ലാവിധ പിന്തുണയും ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അബുദാബിയിലെ യുഎസ് എംബസി പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരിക്കുകയാണ്. നിലവിൽ ഹോർമുസ് കടലിടുക്കിൽ അതീവ ജാഗ്രത തുടരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy