
എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാരുടെ വിമാനയാത്ര അനുഭവം മാറ്റിമറിക്കുന്ന പുതിയ ഹൈസ്പീഡ് ഇൻഫ്ലൈറ്റ് ഇന്റർനെറ്റ് സേവനം അവതരിപ്പിച്ചു. ഏറ്റവും പുതിയ സാറ്റലൈറ്റ് സാങ്കേതികവിദ്യയായ സ്റ്റാർലിങ്ക് (Starlink) അടിസ്ഥാനമാക്കിയുള്ള ഈ സേവനം വഴി യാത്രക്കാർക്ക് ഇനി ആകാശത്തിലും അതിവേഗ ഇന്റർനെറ്റ് ലഭിക്കും. ആദ്യഘട്ടമായി, എയർബസ് A380 വിമാനങ്ങളിൽ ഈ സേവനം ആരംഭിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. എല്ലാ കാബിൻ ക്ലാസുകളിലുമുള്ള യാത്രക്കാർക്കും സൗജന്യമായും ഈ ഹൈസ്പീഡ് വൈഫൈ ഉപയോഗിക്കാനാകും.
പുതിയ സംവിധാനത്തിലൂടെ 40,000 അടി ഉയരത്തിലും “വീട്ടിലെ ഇന്റർനെറ്റ് പോലെ” വേഗതയിൽ ബ്രൗസിംഗ്, വീഡിയോ കോൾ, ഗെയിമിംഗ്, സ്ട്രീമിംഗ് തുടങ്ങിയ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാം.
സ്റ്റാർലിങ്ക് കണക്റ്റിവിറ്റി ഘടിപ്പിച്ച വിമാനങ്ങളുടെ എണ്ണം 2026 മുതൽ ക്രമാതീതമായി വർധിപ്പിച്ച് 2027ഓടെ മുഴുവൻ വൈഡ്ബോഡി വിമാന നിരയിലും ഇത് ലഭ്യമാക്കാനാണ് എമിറേറ്റ്സിന്റെ പദ്ധതി.
പുതിയ സാങ്കേതികവിദ്യയിലൂടെ യാത്രക്കാർക്ക് യാത്രയ്ക്കിടയിലും തുടർച്ചയായ ഡിജിറ്റൽ കണക്ഷൻ ഉറപ്പാക്കുക എന്നതാണ് എമിറേറ്റ്സിന്റെ ലക്ഷ്യം.