
ദുബായിൽ ശൈത്യകാല അവധിക്കാലം ആഘോഷിക്കാൻ ഹോളിഡേ ഹോം ബുക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. ആകർഷകമായ പരസ്യങ്ങളും കുറഞ്ഞ നിരക്കുകളും കണ്ട് ബുക്കിങ് നടത്തുമ്പോൾ മറഞ്ഞിരിക്കുന്ന ഫീസുകൾ, തെറ്റായ വിവരങ്ങൾ, റീഫണ്ട് സംബന്ധിച്ച നിബന്ധനകൾ എന്നിവ പരിശോധിക്കാതെ പണം നൽകുന്നത് പിന്നീട് വിനോദയാത്രയെ ദുരിതത്തിലാക്കാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും താമസക്കാരുടെയും സന്ദർശകരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) നിയമങ്ങളും മാർഗനിർദേശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
പെർമിറ്റ് നിർബന്ധം
ദുബായിലെ ഹോളിഡേ ഹോമുകൾക്ക് അധികൃതരുടെ അംഗീകാരത്തോടെയുള്ള പെർമിറ്റ് ഉണ്ടായിരിക്കണം. ബുക്കിങ് ഉറപ്പാക്കുന്നതിന് മുൻപ് താമസസൗകര്യം നൽകുന്ന സ്ഥാപനത്തോട് പെർമിറ്റ് ആവശ്യപ്പെടുകയും അതിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ലൈസൻസ് വിവരങ്ങൾ പരിശോധിക്കുകയും ചെയ്യാം.
ഹോട്ടൽ സൗകര്യങ്ങൾ പ്രതീക്ഷിക്കരുത്
ഹോളിഡേ ഹോമുകൾ ഹോട്ടലുകളിൽനിന്ന് വ്യത്യസ്തമാണ്. റിസപ്ഷൻ, കൺസിയർജ്, ദിവസേന മുറി വൃത്തിയാക്കൽ തുടങ്ങിയ സേവനങ്ങൾ എല്ലാ താമസസൗകര്യങ്ങളിലും ലഭ്യമാകണമെന്നില്ല. ബുക്കിങ് സമയത്ത് വാഗ്ദാനം ചെയ്യുന്ന സേവനങ്ങളും അവയ്ക്ക് അധിക തുക നൽകേണ്ടതുണ്ടോ എന്ന കാര്യവും വ്യക്തമായി മനസ്സിലാക്കണം.
റീഫണ്ട് നിബന്ധനകൾ അറിയണം
ബുക്കിങ് റദ്ദാക്കേണ്ട സാഹചര്യമുണ്ടായാൽ പണം തിരികെ ലഭിക്കുമോ, എത്ര തുക നഷ്ടമാകും തുടങ്ങിയ കാര്യങ്ങൾ ക്യാൻസലേഷൻ പോളിസിയിൽ പരിശോധിക്കണം. കരാറിലെ നിബന്ധനകൾ മനസ്സിലാക്കാതെ ബുക്കിങ് ഉറപ്പാക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
അധിക ഫീസ് ഈടാക്കാനാകില്ല
വെള്ളം, വൈദ്യുതി, വൈഫൈ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വാടകയിൽ ഉൾപ്പെട്ടിരിക്കണം. ഇവയ്ക്കായി പ്രത്യേകം പണം ആവശ്യപ്പെടാൻ ഓപ്പറേറ്റർമാർക്ക് അനുവാദമില്ല. കരാറിൽ വ്യക്തമാക്കിയിട്ടില്ലാത്ത മറ്റ് ഫീസുകളും ഈടാക്കാൻ പാടില്ല. എന്നാൽ നിയമപ്രകാരമുള്ള ടൂറിസം ദിർഹം ഫീസ് നൽകേണ്ടതുണ്ട്. സ്റ്റാൻഡേർഡ് ഹോളിഡേ ഹോമുകൾക്ക് ഒരു രാത്രിക്ക് 10 ദിർഹവും ഡീലക്സ് വിഭാഗത്തിന് 15 ദിർഹവുമാണ് ഫീസ്. പരമാവധി 30 രാത്രികൾ വരെയാണ് ഈ നിരക്ക് ബാധകമാകുന്നത്.
വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ലഭിച്ചില്ലെങ്കിൽ
പരസ്യത്തിൽ പറഞ്ഞ സൗകര്യങ്ങൾ താമസസമയത്ത് ലഭ്യമല്ലാതാകുകയോ, താമസസ്ഥലത്തിന്റെ വലുപ്പവും സൗകര്യങ്ങളും പരസ്യത്തിലെ വിവരങ്ങളിൽനിന്ന് വ്യത്യസ്തമാകുകയോ ചെയ്താൽ അതിഥിക്ക് റീഫണ്ടിനോ പകരം താമസസൗകര്യം ലഭിക്കുന്നതിനോ അർഹതയുണ്ടാകാം. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച പാടില്ല. ഹോളിഡേ ഹോമുകളിൽ പ്രവർത്തനക്ഷമമായ സ്മോക്ക് ഡിറ്റക്ടറുകളും അഗ്നിശമന ഉപകരണങ്ങളും ഉറപ്പാക്കേണ്ടത് ഓപ്പറേറ്ററുടെ ഉത്തരവാദിത്തമാണ്.
പരാതി നൽകേണ്ടത് എവിടെ?
താമസത്തിനിടെ പ്രശ്നങ്ങളുണ്ടായാൽ ആദ്യം ഹോളിഡേ ഹോം ഓപ്പറേറ്ററുമായി ബന്ധപ്പെട്ട് പരിഹാരം തേടണം. തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കിൽ ദുബായ് ഉപഭോക്തൃ സംരക്ഷണ വിഭാഗത്തെ സമീപിക്കാം. ഔദ്യോഗിക ഉപഭോക്തൃ അവകാശ പോർട്ടൽ, 600 545 555 എന്ന നമ്പർ, വെബ്സൈറ്റിൽ ലഭ്യമായ വാട്സ്ആപ്പ് സേവനം എന്നിവ വഴിയും പരാതികൾ സമർപ്പിക്കാം.