
ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസിൽ പ്രതിയായ സഹപാഠിക്ക് എട്ടര വർഷത്തിലേറെ തടവുശിക്ഷ. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശി സദറുൽ അനാമിനാണ് ഉസ്ബെക്കിസ്ഥാൻ കോടതി 8 വർഷവും 7 മാസവും തടവുശിക്ഷ വിധിച്ചതെന്ന് സാവരിയയുടെ ബന്ധുക്കൾ അറിയിച്ചു. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ സ്വദേശിനിയായ സാവരിയ (21) ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റലിൽ ഒരുമിച്ച് താമസിച്ചിരുന്ന സഹപാഠി സദറുൽ അനാമുമായുണ്ടായ തർക്കത്തിനിടെയാണ് സാവരിയ കൊല്ലപ്പെട്ടത്. ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് മർദിച്ചതിനെ തുടർന്നാണ് മരണമെന്നാണ് കേസ്. സംഭവത്തിൽ പ്രതിയെ ഉസ്ബെക്കിസ്ഥാൻ അധികൃതർ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഉസ്ബെക്കിസ്ഥാൻ ക്രിമിനൽ കോഡിലെ 104-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. പ്രതി ഉസ്ബെക്കിസ്ഥാനിലെ ജയിലിൽ തന്നെ ശിക്ഷ അനുഭവിക്കേണ്ടിവരും.
കുടുംബം നിയോഗിച്ച അഭിഭാഷകൻ വഴിയാണ് കോടതി വിധിയെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ വിധിന്യായത്തിന്റെ ഔദ്യോഗിക പകർപ്പ് ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് ഹരിപ്പാട് പൊലീസിന്റെ പ്രതികരണം. സാവരിയയുടെ പിതാവ് നൽകിയ പരാതിയിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കൈയിലാണ്. ഉസ്ബെക്കിസ്ഥാനിലെ കോടതി വിധിയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി ലഭ്യമാക്കാൻ ക്രൈംബ്രാഞ്ച് നടപടി സ്വീകരിക്കും.