ചാറ്റിൽ കുടുങ്ങി… അക്കൗണ്ട് ശൂന്യം! കോടികൾ തട്ടിയ സംഘം പിടിയിൽ; ദുബായിൽ കർശന നടപടി

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് ദുബായ് മിസ്‌ഡിമീനർ കോടതി രണ്ട് മാസം തടവും ആകെ 5,18,500 ദിർഹം പിഴയും വിധിച്ചു. ശിക്ഷാനുഭവത്തിന് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഓരോ പ്രതിയും കൈപ്പറ്റിയ തുകയ്ക്ക് അനുസരിച്ചാണ് പിഴ നിശ്ചയിച്ചത്. ഒന്നാം പ്രതിക്ക് 3,46,000 ദിർഹവും, രണ്ടാം പ്രതിക്ക് 72,500 ദിർഹവും, മൂന്നാം പ്രതിക്ക് 1,00,000 ദിർഹവുമാണ് പിഴ ചുമത്തിയത്. 2026 ജനുവരിയിലാണ് കേസിന് തുടക്കമായ സംഭവം. ഉപഭോക്തൃ സംരക്ഷണ വിഭാഗവുമായി ബന്ധപ്പെട്ടതെന്ന വ്യാജേന ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത പരാതിക്കാരൻ തട്ടിപ്പിന് ഇരയായി. തുടർന്ന് വാട്‌സാപ്പ് വഴി ബന്ധപ്പെട്ട വ്യക്തി ഔദ്യോഗിക പ്രതിനിധിയെന്ന നിലയിൽ സമീപിച്ച് ബാങ്ക് കാർഡ് വിവരങ്ങളും ഒടിപി നമ്പറും ആവശ്യപ്പെട്ടു. വിവരങ്ങൾ പങ്കുവച്ചതോടെ അക്കൗണ്ടിൽ നിന്ന് 6,60,000 ദിർഹം നഷ്ടപ്പെട്ടു.

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ തുകയുടെ ഒരു വിഹിതം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതായി കണ്ടെത്തി. സമൂഹമാധ്യമങ്ങളിലെ വ്യാജ ജോലി പരസ്യങ്ങൾ വഴിയാണ് ഇവരെ തട്ടിപ്പ് സംഘം ഉപയോഗപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കമ്മീഷൻ വാഗ്ദാനം ചെയ്ത് അവരുടെ അക്കൗണ്ടുകൾ പണം കൈമാറ്റത്തിനായി ഉപയോഗിച്ചുവെന്നും, അതിൽ നിന്ന് ഒരു വിഹിതം പ്രതികൾ സ്വന്തമാക്കിയതായും അവർ കോടതിയിൽ സമ്മതിച്ചു. രേഖാമൂലമുള്ള വിശദീകരണങ്ങളില്ലാതെ വലിയ തുകകൾ കൈമാറിയത് കുറ്റകരമായ ഉദ്ദേശ്യത്തോടെയാണെന്ന് കോടതി നിരീക്ഷിച്ചു. ബാങ്ക് വിവരങ്ങളും ഒടിപി നമ്പറുകളും അപരിചിതർക്കൊന്നും കൈമാറരുതെന്നും, ഔദ്യോഗിക സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള വിവരങ്ങൾ സന്ദേശങ്ങളിലൂടെ ആവശ്യപ്പെടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംശയകരമായ ലിങ്കുകൾ ലഭിച്ചാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy