
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും റോഡ് ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിനായി അബുദാബിയിൽ ‘ദർബ്’ (Darb) ടോൾ സംവിധാനത്തിൽ രണ്ട് പുതിയ ഗേറ്റുകൾ കൂടി സ്ഥാപിക്കാൻ അധികൃതർ തീരുമാനം കൈക്കൊണ്ടു. 2026 മേയ് 4 മുതൽ ഇവ പ്രവർത്തനം ആരംഭിക്കും. ഷെയ്ഖ് മക്തൂം ബിൻ റാഷിദ് സ്ട്രീറ്റിൽ ഗന്തൂത്ത് ടോൾ ഗേറ്റ് സ്ഥാപിക്കുമ്പോൾ, ഷെയ്ഖ് സായിദ് സ്ട്രീറ്റിലേക്കുള്ള പ്രവേശന കവാടമായ വാഹത്ത് അൽ കരാമ സ്ട്രീറ്റിൽ അൽ ഖുറം ടോൾ ഗേറ്റ് വരും.
നിലവിലെ ദർബ് ഗേറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഈ പുതിയ ഗേറ്റുകൾ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ഓരോ തവണ ഗേറ്റ് കടക്കുമ്പോഴും 4 ദിർഹം ടോൾ ഈടാക്കും. മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ, കുറഞ്ഞ വരുമാനമുള്ള സ്വദേശികൾ, വിരമിച്ചവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഇളവുകൾ ലഭ്യമാകും. ടോൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബദൽ മാർഗങ്ങളും അധികൃതർ നിർദേശിച്ചിട്ടുണ്ട്. അൽ ഖുറം ഗേറ്റിന് പകരമായി ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റോ അറേബ്യൻ ഗൾഫ് സ്ട്രീറ്റോ ഉപയോഗിക്കാം. ഗന്തൂത്ത് ഗേറ്റിന് പകരമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്ട്രീറ്റ് വഴി യാത്ര തുടരാം.
ഗതാഗത സാന്ദ്രത, യാത്രാ രീതികൾ, ബദൽ പാതകളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിശദമായ പഠനങ്ങൾക്കൊടുവിലാണ് ഈ രണ്ട് ടോൾ ഗേറ്റുകളുടെ സ്ഥാനങ്ങൾ നിശ്ചയിച്ചതെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) വ്യക്തമാക്കി. ദുബായ്-അബുദാബി പാതയിൽ കഴിഞ്ഞ മാസങ്ങളായി ഈ ഗേറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതും യാത്രക്കാർ ശ്രദ്ധിച്ചുവരികയാണ്.