
അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അബുദാബി അധികൃതർ പുതിയ സമഗ്ര മാർഗ്ഗരേഖ പുറത്തിറക്കി. വീടുകളിൽ നിന്ന് സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയടക്കമുള്ള മുഴുവൻ ഘട്ടങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് സെന്റർ (ADCMC), വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK), അബുദാബി മീഡിയ ഓഫീസ് എന്നിവർ ചേർന്ന് ആരംഭിച്ച ‘Our Community is Ready’ കാമ്പയിനിന്റെ ഭാഗമായാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ. ഈ അധ്യയന വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിലും 2026 വരെയും ഇത് പ്രാബല്യത്തിൽ തുടരും.
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ എന്നിവർക്കെല്ലാം വ്യക്തമായ ഉത്തരവാദിത്തങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും, അനാവശ്യ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശിക്കുന്നു. അധികൃതരുടെ അനുമതി കൂടാതെ കുട്ടികളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുപോകരുതെന്നും, കോൺടാക്റ്റ് വിവരങ്ങൾ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കണമെന്നും പറയുന്നു. അധ്യാപകർ വിദ്യാർത്ഥികളെ ശാന്തമായി സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നതിനും എമർജൻസി എക്സിറ്റ് വഴികൾക്കും അസംബ്ലി പോയിന്റുകൾക്കും വ്യക്തമായ അറിവ് പുലർത്തുന്നതിനും നിർദേശിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ളവർക്കും ആരോഗ്യ പ്രശ്നമുള്ളവർക്കും പ്രത്യേക പരിഗണന നൽകണം. സുരക്ഷാ സംവിധാനങ്ങൾ എല്ലായ്പ്പോഴും സജ്ജമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം, നിരന്തരം മോക്ക് ഡ്രില്ലുകളും പരിശീലനങ്ങളും നടത്തും.
വിദ്യാർത്ഥികൾക്ക്, നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും അടിയന്തര സാഹചര്യങ്ങളിൽ ഭയപ്പെടാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്യണമെന്ന് നിർദേശം. ഇത്തരം സമയങ്ങളിൽ ഫോട്ടോ, വീഡിയോ ചിത്രീകരണം ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. സ്കൂൾ ബസ് സുരക്ഷയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. നിശ്ചിത സ്റ്റോപ്പുകളിൽ നിന്ന് മാത്രം കയറിറങ്ങൽ, സീറ്റ് ബെൽറ്റ് നിർബന്ധം, അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിത സ്ഥാനത്ത് ബസ് നിർത്തി സ്കൂൾ അധികൃതരെ ഉടൻ അറിയിക്കൽ എന്നിവ നിർബന്ധമാക്കി. സുരക്ഷ ഉറപ്പാക്കുന്നത് ഒരാളുടെ മാത്രം ചുമതലയല്ല, സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് അധികൃതർ ആവർത്തിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t