
ദുബായ്: യുഎഇയിൽ തുടരുന്ന അസാധാരണമായ കാലാവസ്ഥാ വ്യതിയാനത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ കർശന സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ (പിസിഎഫ്സി) രംഗത്തെത്തി. ഈ മാസം 27 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന പ്രവചനത്തെത്തുടർന്ന്, ജനങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണവും മുൻനിർത്തിയാണ് ‘ട്രാഖീസ്’ അടിയന്തര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
വ്യക്തികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സ്ഥാപനങ്ങളും ഓപറേറ്റർമാരും കൃത്യമായ പ്ലാനുകൾ നടപ്പിലാക്കണമെന്നും ട്രാഖീസ് സിഇഒ എൻജിനീയർ അബ്ദുല്ല മുഹമ്മദ് ബെൽഹൂൽ ആവശ്യപ്പെട്ടു. ഡിപി വേൾഡുമായി സഹകരിച്ച് അടിയന്തര ഘട്ടങ്ങളിൽ അതിവേഗ പ്രതികരണം ഉറപ്പാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ തൊഴിലാളികളുടെ സുരക്ഷയ്ക്ക് പരമാവധി മുൻഗണന നൽകണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും വിട്ടുനിൽക്കണമെന്നും നിർദ്ദേശമുണ്ട്. വാഹനങ്ങൾ ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കരുതെന്നും അധികൃതർ അറിയിച്ചു. റമസാൻ കാലത്തെ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ഏജൻസികൾ നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്ന് പിസിഎഫ്സി അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ശ്രദ്ധിക്കുക; യുഎഇയിൽ ജിപിഎസ് തകരാറുകൾ? നിങ്ങളുടെ ഗൂഗിൾ മാപ്സും വെയ്സും തെറ്റായ ലൊക്കേഷനുകൾ കാണിച്ചേക്കാം
യുഎഇയിലുടനീളമുള്ള നിരവധി ഡ്രൈവർമാരും താമസക്കാരും ഗൂഗിൾ മാപ്സ്, വേസ് തുടങ്ങിയ നാവിഗേഷൻ ആപ്പുകളിൽ സമീപകാലത്ത് കൃത്യതക്കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ചില ഉപയോക്താക്കൾ അവരുടെ മൊബൈൽ ഫോണുകളിൽ കാണുന്ന ലൊക്കേഷൻ യഥാർത്ഥ സ്ഥാനത്തുനിന്ന് ഏറെ അകലെയാണെന്ന് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ പ്രശ്നം സംബന്ധിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലും ഓൺലൈൻ ഫോറങ്ങളിലുമായി ചർച്ച ചെയ്യുകയും ചെയ്തു. വിദഗ്ധർ പറയുന്നത്, ഉപഗ്രഹ സിഗ്നലുകളെ ബാധിക്കുന്ന ചില സാങ്കേതിക കാരണങ്ങളാൽ ഇത്തരം തടസ്സങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാമെന്നാണ്. പ്രത്യേകിച്ച് സംഘർഷാവസ്ഥകളിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജിപിഎസ് സിഗ്നലുകളിൽ താൽക്കാലിക ഇടപെടലുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലാബിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേധാവി മുഹമ്മദ് ഹനീഫ് വിശദീകരിച്ചു. സെൻസിറ്റീവ് സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികാരികൾ ചിലപ്പോൾ പ്രത്യേക സാങ്കേതിക നടപടികൾ സ്വീകരിക്കാറുണ്ടെന്നും ഇതിന്റെ ഭാഗമായി ജിപിഎസ് സിഗ്നലുകൾക്ക് താൽക്കാലിക തടസ്സങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഗൂഗിൾ മാപ്സ് പോലുള്ള നാവിഗേഷൻ ആപ്പുകളിൽ തെറ്റായ ലൊക്കേഷനുകളോ അസാധാരണമായ റൂട്ടുകളോ കാണാൻ സാധ്യതയുണ്ട്.
സുരക്ഷാ ഏജൻസികൾ ഉപയോഗിക്കുന്ന ജിപിഎസ് ജാമിംഗ്, ജിപിഎസ് സ്പൂഫിംഗ് പോലുള്ള സാങ്കേതിക വിദ്യകളും ഇതിന് കാരണമാകാം. ജിപിഎസ് ജാമിംഗ് സിഗ്നലുകൾ തടയുന്നതും, ജിപിഎസ് സ്പൂഫിംഗ് ഉപകരണങ്ങളിലേക്ക് തെറ്റായ സിഗ്നലുകൾ അയയ്ക്കുന്നതുമാണ്. സിവിലിയൻ നാവിഗേഷൻ ആപ്പുകൾ ഒരേ ഉപഗ്രഹ സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ ഇത്തരം നടപടികൾ അവയുടെ കൃത്യതയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. എങ്കിലും മിക്ക സാഹചര്യങ്ങളിലും ഉപഗ്രഹ സിഗ്നലുകൾ വീണ്ടും സ്ഥിരത കൈവരിക്കുന്നതോടെ നാവിഗേഷൻ സംവിധാനങ്ങൾ സ്വാഭാവികമായി ശരിയായ നിലയിലേക്ക് മടങ്ങുമെന്നും വിദഗ്ധർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt