
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് യു.എ.ഇയിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം തുടരുന്നതിനാൽ കുട്ടികളുടെ ഗതാഗത ഫീസിനെ കുറിച്ച് രക്ഷിതാക്കൾ ആശങ്കയിൽ. അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ ബസ് ഫീസ് അടയ്ക്കുന്നതിൽ പലരും മടിച്ചുനിൽക്കുമ്പോൾ, ഇതിനകം ഫീസ് അടച്ചവർ ഉപയോഗിക്കാത്ത ദിവസങ്ങളിലെ തുക തിരികെ ലഭിക്കുമോ എന്ന ചോദ്യവും ഉയരുകയാണ്. യുദ്ധസാഹചര്യത്തെ തുടർന്ന് യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മാസം രണ്ടുമുതൽ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയത്. ആദ്യം ആറുവരെ മാത്രമായി പ്രഖ്യാപിച്ചിരുന്ന ഓൺലൈൻ പഠനം പിന്നീട് സ്പ്രിംഗ് അവധി പ്രഖ്യാപിച്ചതോടെ നീളുകയായിരുന്നു. തുടർന്ന് 23-ന് വീണ്ടും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. നിലവിൽ ഏപ്രിൽ ആറുവരെ രണ്ടാഴ്ച കൂടി ഈ രീതി തുടരാനാണ് തീരുമാനം. സ്കൂളുകൾ സാധാരണ രീതിയിൽ എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ഗതാഗത ഫീസ് അടയ്ക്കുന്നതിൽ രക്ഷിതാക്കൾ പുനർചിന്തനം നടത്തുകയാണ്.
വ്യക്തതയില്ലാത്തത് തിരിച്ചടിയായി
സ്കൂളുകൾ തുറക്കുന്ന തീയതി വ്യക്തമല്ലാത്തതാണ് ഫീസ് അടയ്ക്കുന്നതിൽ പലരെയും പിന്തിരിപ്പിക്കുന്നത്. ദുബൈയിൽ താമസിക്കുന്ന രണ്ട് കുട്ടികളുടെ മാതാവായ ഹുസ്‌ന ജാവേദ് ഇതിനുദാഹരണമാണ്. 13-വും 7-വും വയസ്സുള്ള കുട്ടികൾ ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളിലാണ് പഠിക്കുന്നത്. അവരുടെ പുതിയ അധ്യയന വർഷം ഏപ്രിൽ ആറിന് ആരംഭിക്കാനിരിക്കുകയാണ്.
“ബസിൽ സീറ്റ് ഉറപ്പാക്കാൻ രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞ് ട്രാൻസ്‌പോർട്ട് കമ്പനിയിൽ നിന്ന് ഇമെയിൽ ലഭിച്ചിരുന്നു. എന്നാൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ അത് നേരിട്ട് പേയ്‌മെന്റ് ലിങ്കിലേക്കാണ് പോകുന്നത്. ഇപ്പോഴത്തെ അനിശ്ചിത സാഹചര്യത്തിൽ വലിയൊരു തുക ബസ് ഫീസായി നൽകാൻ താല്പര്യമില്ല. രജിസ്റ്റർ ചെയ്യാത്ത പക്ഷം സീറ്റ് നഷ്ടപ്പെടുമെന്ന് ഇമെയിലിൽ പറയുന്നുണ്ടെങ്കിലും ഇപ്പോൾ ആ റിസ്‌ക് എടുക്കാനാണ് തീരുമാനിച്ചത്,” ഹുസ്‌ന പറഞ്ഞു.
അബൂദാബിയിൽ താമസിക്കുന്ന ആമിനക്കും സമാനമായ അനുഭവമാണ്. ആറുവയസ്സുകാരിയായ മകൾ ഹുദയ്ക്ക് ഈ ടേമിൽ സ്കൂൾ ബസ് സൗകര്യം ഒരുക്കാൻ അവർ ആലോചിച്ചിരുന്നു. “പുതിയ ജോലി ലഭിച്ചതിനാൽ കുട്ടിയെ സ്കൂളിൽ എത്തിക്കാനും തിരികെ കൊണ്ടുവരാനും എനിക്ക് കഴിയില്ല. അതിനാൽ മൂന്നാം ടേമിലെ ബസ് സർവീസിനായി രജിസ്റ്റർ ചെയ്തിരുന്നു. ഭാഗ്യത്തിന് ഫീസ് അടച്ചിരുന്നില്ല. കുട്ടികൾ വീണ്ടും സ്കൂളിലേക്ക് മടങ്ങുന്ന കാര്യത്തിൽ വ്യക്തത വരുന്നത് വരെ ഫീസ് അടക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം,” ആമിന വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസം; പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യുഎഇയിലേക്ക് മടങ്ങാം
വിദേശത്തിരിക്കെ റസിഡൻസ് വീസ കാലാവധി കഴിഞ്ഞ യുഎഇ പ്രവാസികൾക്ക് പ്രത്യേക അനുമതിയോടെ രാജ്യത്തേക്ക് മടങ്ങാനുള്ള അവസരം ഒരുക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെയും ഇവർക്ക് യുഎഇയിൽ പ്രവേശിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. 2026 ഫെബ്രുവരി 28നോ അതിനു ശേഷമോ വിദേശത്തിരിക്കെ വീസ കാലാവധി കഴിഞ്ഞവർക്കാണ് ഈ സൗകര്യം ബാധകമാകുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് പല രാജ്യങ്ങളിലും വിമാന സർവീസുകൾ നിർത്തിവച്ചതും വ്യോമപാതകൾ അടച്ചതുമാണ് പലർക്കും സമയത്ത് യുഎഇയിലേക്ക് മടങ്ങാൻ തടസ്സമായത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് സഹായകരമായ നടപടിയായാണ് പുതിയ തീരുമാനം.
മാർച്ച് 31 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാൻ കഴിയും. കൂടാതെ ഈ കാലയളവിൽ ഉണ്ടായ ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് തിരിച്ചെത്തിയ ശേഷം നിയമപരമായ നടപടികൾ പൂർത്തിയാക്കി വീസ പുതുക്കി താമസ പദവി ശരിയാക്കാനുള്ള അവസരവും ലഭിക്കും. വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുന്ന മാനുഷികമായ നടപടിയാണിതെന്ന് ഐസിപി അറിയിച്ചു. യാത്ര തിരിക്കുന്നതിന് മുൻപ് വിമാന ടിക്കറ്റും മറ്റ് ആവശ്യമായ യാത്രാ രേഖകളും വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും അധികൃതർ പ്രവാസികളെ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt