മഴ കനക്കും; യുഎഇ വിമാനത്താവളങ്ങളിൽ യാത്രാ മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം വിമാന സർവീസുകൾക്ക് തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബായ്, ഷാർജ വിമാനത്താവള അധികൃതർ അറിയിച്ചു. ഈ മാസം 27 വരെ മഴയും ശക്തമായ കാറ്റും തുടരാനാണ് കാലാവസ്ഥാ പ്രവചനം. ദുബായ്, ഷാർജ, അബുദാബി ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ രാവിലെ മുതൽ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം മന്ദഗതിയിലായി.

യാത്രക്കാർക്ക് വിമാനക്കമ്പനികൾ പ്രത്യേക നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഫ്ലൈദുബായ് യാത്രക്കാരോട് വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് ആവശ്യപ്പെട്ടു. സ്ഥിരീകരിച്ച ടിക്കറ്റ് ഉള്ളവർ മാത്രം വിമാനത്താവളത്തിലേക്ക് വരണമെന്നും കമ്പനി വ്യക്തമാക്കി. എമിറേറ്റ്‌സ് എയർലൈൻസ് റോഡുകളിൽ കാഴ്ചമറയാനും ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ മതിയായ സമയം മുൻകൂട്ടി കണ്ട് യാത്രതിരിക്കണമെന്ന് നിർദേശിച്ചു. യാത്രക്കാർ കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും അറിയിച്ചു. എയർ അറേബ്യയുടെ അറിയിപ്പനുസരിച്ച് ഷാർജ, അബുദാബി, റാസൽഖൈമ സർവീസുകൾക്ക് മഴയുടെ സ്വാധീനം ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്ര തിരിക്കും മുമ്പ് കമ്പനി വെബ്‌സൈറ്റിലൂടെ വിമാനത്തിന്റെ നില (ഫ്ലൈറ്റ് സ്റ്റാറ്റസ്) പരിശോധിക്കണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടു. കനത്ത മഴയെ തുടർന്ന് ചില റോഡുകൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. ഷാർജയിലെ അൽ ദൈദ് നഗരത്തിലെ അൽ അസ്വ സ്ട്രീറ്റ് അടച്ചതോടൊപ്പം ഉമ്മുൽഖുവൈൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ എക്സിറ്റ് 93, 96 എന്നിവയും അടച്ചു. അബുദാബിയിലെ എല്ലാ ബീച്ചുകളും പാർക്കുകളും വിനോദകേന്ദ്രങ്ങളും താൽക്കാലികമായി അടയ്ക്കുകയും പൊതുപരിപാടികൾ നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

മഴക്കെടുതി പരിഗണിച്ച് ഷാർജയിൽ ഇന്ന് (തിങ്കൾ) പൊതു പാർക്കിങ് സൗജന്യമാക്കിയതായി അധികൃതർ അറിയിച്ചു. നീല ബോർഡുകളുള്ള പെയ്ഡ് പാർക്കിങ് മേഖലകൾക്കും ഇത് ബാധകമാണ്. ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മുനിസിപ്പാലിറ്റി ടാങ്കറുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്ന നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ അവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസം; പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യുഎഇയിലേക്ക് മടങ്ങാം

വിദേശത്തിരിക്കെ റസിഡൻസ് വീസ കാലാവധി കഴിഞ്ഞ യുഎഇ പ്രവാസികൾക്ക് പ്രത്യേക അനുമതിയോടെ രാജ്യത്തേക്ക് മടങ്ങാനുള്ള അവസരം ഒരുക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെയും ഇവർക്ക് യുഎഇയിൽ പ്രവേശിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. 2026 ഫെബ്രുവരി 28നോ അതിനു ശേഷമോ വിദേശത്തിരിക്കെ വീസ കാലാവധി കഴിഞ്ഞവർക്കാണ് ഈ സൗകര്യം ബാധകമാകുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് പല രാജ്യങ്ങളിലും വിമാന സർവീസുകൾ നിർത്തിവച്ചതും വ്യോമപാതകൾ അടച്ചതുമാണ് പലർക്കും സമയത്ത് യുഎഇയിലേക്ക് മടങ്ങാൻ തടസ്സമായത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് സഹായകരമായ നടപടിയായാണ് പുതിയ തീരുമാനം.

മാർച്ച് 31 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാൻ കഴിയും. കൂടാതെ ഈ കാലയളവിൽ ഉണ്ടായ ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് തിരിച്ചെത്തിയ ശേഷം നിയമപരമായ നടപടികൾ പൂർത്തിയാക്കി വീസ പുതുക്കി താമസ പദവി ശരിയാക്കാനുള്ള അവസരവും ലഭിക്കും. വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുന്ന മാനുഷികമായ നടപടിയാണിതെന്ന് ഐസിപി അറിയിച്ചു. യാത്ര തിരിക്കുന്നതിന് മുൻപ് വിമാന ടിക്കറ്റും മറ്റ് ആവശ്യമായ യാത്രാ രേഖകളും വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും അധികൃതർ പ്രവാസികളെ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy