ബാങ്ക് വിവരങ്ങൾ ചോദിച്ചാൽ സൂക്ഷിക്കുക! സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ദുബൈ പൊലീസിന്റെ വ്യാപക ബോധവത്കരണം

സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളുമായി ദുബൈ പൊലീസ് രംഗത്ത്. 40-ലധികം സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇതുസംബന്ധിച്ച തന്ത്രപരമായ പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റിലെ ക്രൈം പ്രിവൻഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആളുകളെ വഞ്ചിച്ച് പണം കൈക്കലാക്കുന്ന തട്ടിപ്പ് രീതികൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തൽ, വ്യക്തിഗത ഡാറ്റ ദുരുപയോഗം എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്. പദ്ധതി സാമൂഹിക ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനോടൊപ്പം തട്ടിപ്പ് കേസുകൾ കുറയ്ക്കാനുള്ള ദുബൈ പൊലീസിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹജ്‌രി പറഞ്ഞു.

ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ട് വരുന്ന ഫോൺ കോളുകൾക്ക് ഒരിക്കലും പ്രതികരിക്കരുതെന്നും വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ പുതുക്കണമെന്ന് പറഞ്ഞ് വരുന്ന സന്ദേശങ്ങളും അഭ്യർഥനകളും തട്ടിപ്പായിരിക്കാമെന്നും ആന്റി ഫ്രോഡ് സെന്റർ ഡയറക്ടർ ലഫ്. കേണൽ അലി അൽ യമാഹി മുന്നറിയിപ്പ് നൽകി. തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് സ്മാർട്ട് ആപ്പ്, 901 (നോൺ-എമർജൻസി നമ്പർ), ഇ-ക്രൈം പ്ലാറ്റ്ഫോം, ‘പൊലീസ് ഐ’ സേവനം എന്നിവ വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഫോൺ തട്ടിപ്പിലൂടെ പണം നഷ്ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ടു കാർഡ് ബ്ലോക്ക് ചെയ്യുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy