മന്ത്രവാദം, ആഭിചാരം, ഭാവി പ്രവചിക്കൽ എന്നിവയിലൂടെ പണം തട്ടിയെടുത്ത ഒരാളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻറെ തട്ടിപ്പും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെൻറിന് കീഴിലുള്ള കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ കുറ്റകൃത്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മന്ത്രവാദത്തിലൂടെയും ആഭിചാരത്തിലൂടെയും ഭാവി പ്രവചിക്കാനും കുടുംബപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും കഴിയുമെന്ന് വിശ്വസിപ്പിച്ച് പൗരന്മാരെയും താമസക്കാരെയും കബളിപ്പിച്ച് വലിയ തുകകൾ കൈപ്പറ്റുന്ന ഒരാളെക്കുറിച്ചായിരുന്നു വിവരം. വിവരത്തിൻറെ കൃത്യത ഉറപ്പുവരുത്തിയ ശേഷം ആവശ്യമായ നിയമപരമായ അനുമതി നേടുകയും, കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കെണിയിൽ പ്രതിയെ കൈയോടെ പിടികൂടുകയുമായിരുന്നു. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പുസ്തകങ്ങൾ, ഏലസ്സുകൾ, തിരിച്ചറിയപ്പെടാത്ത വസ്തുക്കളും ദ്രാവകങ്ങളും, പണം ശേഖരിക്കുന്നതിനുള്ള പെട്ടി, മന്ത്രവാദ ചടങ്ങുകൾക്കായി തയ്യാറാക്കിയ വസ്ത്രങ്ങൾ എന്നിവയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx