ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കടലിൽ ചാടിയ മലയാളിയെ കാണാതായതായി സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു. കപ്പലിൽ സെക്യൂരിറ്റി ഓഫിസറായിരുന്ന പത്തിയൂർക്കാല ശ്രീജാലയത്തിൽ അനിൽകുമാർ രവീന്ദ്രനെയാണ് (58) കാണാതായത്. അപകടം നടന്ന് 10 ദിവസത്തിനു ശേഷമാണ് കുടുംബത്തെ വിവരം അറിയിച്ചത്. അനിൽകുമാറിനായി നടത്തിയ തിരച്ചിൽ വിഫലമായതായി എംബസി ഉദ്യോഗസ്ഥർ ഇന്നലെ ഭാര്യ ശ്രീജയെ അറിയിക്കുകയായിരുന്നു.21 പേർ ഉണ്ടായിരുന്ന കപ്പലിൽ അനിൽകുമാറും തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനുമാണ് ഇന്ത്യക്കാരായുണ്ടായിരുന്നത്. ആക്രമണത്തിനിടെ റഷ്യൻ സ്വദേശിയായ ക്യാപ്റ്റനും അനിലും അഗസ്റ്റിനും ലൈഫ് ജാക്കറ്റ് ഇട്ട് കടലിലേക്ക് ചാടുകയായിരുന്നു. ക്യാപ്റ്റനെയും അഗസ്റ്റിനെയും രക്ഷപ്പെടുത്തിരുന്നു. അതേസമയം കപ്പലിലുണ്ടായിരുന്ന 9 പേരെ ഹൂതികൾ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ട്. ഇതിൽ അനിൽകുമാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.
രക്ഷപ്പെട്ട പാറശാല സ്വദേശിയായ അഗസ്റ്റിൻ ഇന്നലെ നാട്ടിലെത്തിയിട്ടുണ്ട്. അനിൽകുമാറിന്റെ ബന്ധുക്കൾ അഗസ്റ്റിനെ കണ്ട് വിവരങ്ങൾ അറിയാൻ ഇന്ന് പാറശാലയിലേക്ക് പോകും. മുൻ സൈനികനായ അനിൽകുമാർ 5 വർഷമായി മർച്ചന്റ് നേവിയിൽ ജോലി ചെയ്യുകയാണ്. അനിൽകുമാറിനെ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്ത് നൽകി. സോമാലിയയിൽ ചരക്ക് ഇറക്കി മടങ്ങുമ്പോൾ ഈ മാസം 7 ന് വൈകിട്ടാണ് ഇറ്റേണിറ്റി സി എന്ന ഗ്രീക്ക് ചരക്കുകപ്പലിനുനേരെ യെമനിലെ ഹൊദൈദ തുറമുഖത്തിനു സമീപം ആക്രമണമുണ്ടായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx